Emphasis on skill, technology and sustainability in Kerala industrial policy draft

നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായ ഭാവിജോലികള്‍ക്കും വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും പര്യാപ്തമായ രീതിയില്‍ യുവാക്കളുടെ നൈപുണ്യം നവീകരിക്കുന്നതിലും ഉത്തരവാദിത്ത-സുസ്ഥിര നിക്ഷേപങ്ങൾ എന്ന സംസ്ഥാനത്തിന്റെ കാഴ്ചപ്പാടുമായി വ്യാവസായിക മേഖലയെ യോജിപ്പിക്കുന്നതിലുമാണ് കേരളത്തിന്റെ പുതിയ വ്യവസായ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇപ്പോഴത്തെ വ്യാവസായിക നയം 2018-ലാണ് രൂപീകരിച്ചത്. പുതിയതിന്റെ കരട് 10 ദിവസത്തിനുള്ളിൽ പങ്കാളികളുമായി പങ്കിടും. നയം അന്തിമമാക്കുന്നതിന് മുമ്പ് വ്യവസായ സ്ഥാപനങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. പുതിയ വ്യവസായ നയം 2023 ജനുവരിയിലാണ് പുറത്തിറങ്ങുക. 2023 ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിൽ വരും.

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ 1,09,000 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ നല്ല പങ്കും സംസ്ഥാനത്തിനു വെളിയില്‍ ഉള്‍പാദിപ്പിക്കുന്നതാണ്. വാഹനമേഖലയിലാണ് ഇതില്‍ കൂടുതല്‍ പങ്കും. മറ്റൊന്ന് മരുന്നുകളാണ്. കേരളത്തിന്റെ വിപണിയെ ഉപയോഗിക്കാനാകുംവിധം ഉൽപ്പാദനശേഷി എവിടെയൊക്കെ ഉപയോഗിക്കാനാകുമെന്നാണ് സംസ്ഥാനം പരിശോധിക്കുന്നത്. ഇതിലൂടെ തൊഴിലവസരങ്ങൾ വര്‍ധിപ്പിക്കാനും സാധിക്കും.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കുക, കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ടാലന്റ് പൂൾ നിലനിർത്തുക, സമതുലിതമായ പ്രാദേശിക വികസനം ഉറപ്പാക്കുക തുടങ്ങിയവയും പുതിയ വ്യാവസായിക നയത്തിലെ പ്രധാന ഊന്നലുകളാണ്. നിര്‍മിത ബുദ്ധി, ബഹിരാകാശ മേഖല, ആയുർവേദം, ബയോടെക്‌നോളജി, ഡിസൈനിംഗ്, ഇലക്ട്രോണിക് സിസ്റ്റം ഡിസൈനും മാനുഫാക്ചറിംഗും, ഇലക്ട്രിക് വാഹനങ്ങൾ, എഞ്ചിനീയറിംഗും ഗവേഷണ വികസനവും, ഭക്ഷ്യ സാങ്കേതികവിദ്യ, ഗ്രാഫീൻ, ഹൈടെക് ഫാമിംഗ്, ഉയർന്ന മൂല്യവർധിത റബ്ബർ ഉൽപ്പന്നങ്ങൾ, ലോജിസ്റ്റിക്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്‌നോളജി, പുനരുപയോഗ ഊർജം, റീട്ടെയിൽ, റോബോട്ടിക്‌സ്, ടൂറിസവും ഹോസ്പിറ്റാലിറ്റിയും, ത്രീഡി പ്രിന്റിംഗ്, മറൈൻ ക്ലസ്റ്റർ എന്നിവയാണ് കരട് വ്യാവസായിക നയത്തിൽ പ്രാധാന്യം നല്‍കുന്ന മേഖലകളിൽ ചിലത്. സ്ഥിര മൂലധനത്തിൽ നിക്ഷേപ സബ്‌സിഡി, എസ്‌ജിഎസ്‌ടി റീഇംബേഴ്‌സ്‌മെന്റ്, ഉൽപ്പാദന മേഖലയ്‌ക്കുള്ള അപ്രന്റീസ്‌ഷിപ്പ് ഇൻസെന്റീവുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രോത്സാഹനങ്ങൾ കരട് നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.