An action plan will be implemented for the comprehensive development of the handloom sector

കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്കു കർമപദ്ധതി നടപ്പാക്കും

സംസ്ഥാനത്തെ കൈത്തറി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള കർമ പദ്ധതി നടപ്പാക്കും. കൈത്തറി മേഖലയെക്കുറിച്ചു സമഗ്രമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്മേൽ ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായി വിശദമായ ചർച്ച നടത്തിയാകും കർമപദ്ധതിക്കു രൂപം നൽകുക. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്‌റ്റൈൽസ് ഡയറക്ടറേറ്റ് സംഘടിപ്പിച്ച കൈത്തറി ദിനാഘോഷവും സഹകാരി – തൊഴിലാളി സംഗമവും നടത്തി.

കൈത്തറി മേഖലയിൽ പുതിയ ട്രെൻഡുകളും ഡിസൈനുകളും വരേണ്ടത് ഈ മേഖലയുടെ വളർച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ കൈത്തറി ഉത്പന്നങ്ങൾക്കു വിപണിയിൽ ആവശ്യക്കാരേറെയുണ്ട്. കൈത്തറിയടക്കമുള്ള പരമ്പരാഗത മേഖലയിൽ നൂതന ആശയങ്ങൾ നടപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊച്ചിയിൽ ഡിസൈൻ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൈത്തറി, കയർ, ഹാൻഡ്‌വീവ്‌ മേഖലകളെ ഉൾപ്പെടുത്തിയാകും കോൺക്ലേവ് സംഘടിപ്പിക്കുക. ഇതിൽനിന്നു കാലം ആവശ്യപ്പെടുന്ന ഡിസൈൻ ആശയങ്ങൾ കണ്ടെത്തുകയും ഓരോ മേഖലയിലും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും ചെയ്യും.

സ്‌കൂൾ യൂണിഫോം കൈത്തറിയാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഈ മേഖലയ്ക്കു വലിയ ഉണർവുണ്ടാക്കി. ഈ തീരുമാനത്തിനു ശേഷം 293 കോടി രൂപ കൂലിയായി തൊഴിലാളികൾക്കു ലഭിച്ചുകഴിഞ്ഞു. തൊഴിലാളികൾക്കു ലഭിക്കാനുള്ള നാലു മാസത്തെ കുടിശികയിൽ ഒരു മാസത്തെ തുക അടുത്തയാഴ്ച വിതരണം ചെയ്യും. ശേഷിക്കുന്നതിൽ കഴിയുന്നത്ര തുക ഓണത്തിനു മുൻപു നൽകും. കൈത്തറി തൊഴിലാളികൾക്കു കണ്ണട സ്‌കീം സർക്കാർ പരിഗണിക്കും. ഈ മേഖലയിലേക്കു യുവാക്കളെ ആകർഷിക്കുന്നതിനുള്ള സ്‌കീം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.