33 industrial enterprises are operational in Koratti Industrial Park

തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ കിൻഫ്ര 33.66 ഏക്കറിൽ സ്ഥാപിച്ച വ്യവസായ പാർക്കിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ച് 33 വ്യവസായ സംരംഭങ്ങൾ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായി. കൊരട്ടി പാർക്കിൽ തന്നെ 3 ബഹുനില ഫാക്ടറി കെട്ടിട സമുച്ചയം പൂർത്തീകരിച്ച് 19 സംരംഭങ്ങൾ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.

പുഴയ്ക്കൽ പാടത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് കിൻഫ്രയ്ക്ക് 40 ഏക്കർ ഭൂമി കൈമാറുകയും പിന്നീട് ഇതിൽ 10 ഏക്കർ ഭൂമി മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുന്നതിനായി ജില്ല ഭരണകൂടത്തിന് കൈമാറുകയും ചെയ്തു. പുഴയ്ക്കൽ പാടത്തെ ഭൂമി റവന്യൂ രേഖകളിൽ നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഭൂമി വ്യാവസായികാവശ്യത്തിനായി ഏറ്റെടുത്തതിനാലും ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാലും പ്രസ്തുത ഭൂമിയിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കിൻഫ്ര ആരംഭിച്ചിരുന്നു. എന്നാൽ 2017ൽ തൃശ്ശൂർ ജില്ല കലക്ടർ പ്രസ്തുത ഭൂമി തരം മാറ്റുന്നതിനായി സർക്കാരിന്റെ അനുമതി വാങ്ങണമെന്ന് അറിയിച്ചിരുന്നു. തുടർന്ന് കിൻഫ്ര 2017 ജൂലൈ 31 ന് ജില്ല കളക്ടർക്ക് ഭൂമി തരംമാറ്റുന്നതിന് അപേക്ഷ നൽകി. പുഴയ്ക്കൽ പാടത്തെ ഭൂമി തരംതിരിച്ച് നൽകുന്നതിനുള്ള അനുമതി ലഭിച്ചാൽ മാത്രമേ കിൻഫ്രയ്ക്ക് വ്യവസായ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ റവന്യൂ, കൃഷി വകുപ്പുകൾ കൂട്ടമായി തീരുമാനം എടുക്കും.

അയ്യന്തോൾ വില്ലേജിൽ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ അധീനതയിലുള്ള 11.41 ഏക്കർ ഭൂമിയിൽ രണ്ട് ഘട്ടങ്ങളിൽ ഏകദേശം 261530 ചതുരശ്ര അടിയിൽ വ്യവസായ സമുച്ചയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. വ്യവസായ സമുച്ചയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ 2 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇതിനു ശേഷം വ്യവസായ സമുച്ചയം സംരംഭകർക്ക് അനുവദിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടത്തും.

മുളങ്കുന്നത്ത്കാവ് സ്ഥിതി ചെയ്യുന്ന കെൽട്രോൺ പവർ ഡിവൈസസ് ലിമിറ്റ‍ഡിന്റെ പേരിലും കെൽട്രോൺ റെക്ടിഫയേഴ്സ് ലിമിറ്റഡിന്റെ പേരിലും ആസ്തി ബാധ്യത സംബന്ധിച്ച കേസുകൾ ഹൈക്കോടതിയിലുണ്ട്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹൈക്കോടതിയുടെ ഓഫീഷ്യൽ ലിക്വിഡേറ്റർ ഈ കമ്പനികളുടെ ചുമതല ഏറ്റെടുക്കുകയും സ്ഥാവര ജംഗമ വസ്തുക്കളുടെ കൈവശാവകാശം ഏറ്റെടുക്കുകയും ചെയ്തു. ഹൈക്കോടതിയുടെ ഒഫീഷ്യൽ ലിക്വിഡേറ്റർ കൈവശാവകാശം കെൽട്രോണിന് വിട്ടു നൽകിയാൽ മാത്രമേ ഈ കമ്പനികളുടെ വസ്തുവിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ കഴിയുകയുള്ളൂ.

ജില്ലയിൽ പ്രവർത്തിച്ചുവന്നിരുന്നതും 2013 ൽ പ്രവർത്തനം നിലച്ചിട്ടുള്ളതുമായ വൈഗ ത്രെഡ്സുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്. കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ “വൈഗ ത്രെഡ്സ് പോസസ്സേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്” എന്ന സ്ഥാപനത്തിന്റെ അസെറ്റ്സ് ആന്റ് ഇഫക്ട്സ്, ഓഫീഷ്യൽ ലിക്വിഡേറ്റർ ഓഫ് കർണ്ണാടകയുടെ സംരക്ഷണയിൽ ആണ്.

വൈഗ ത്രെഡ്സ് കമ്പനി ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന വിവിധങ്ങളായ റിട്ട് പെറ്റീഷനുകൾ ഒന്നിച്ച് ഹൈക്കോടതി പരിഗണിക്കുകയും ഈ കേസുകളെല്ലാം തള്ളി കോടതി ഉത്തരവായിട്ടുമുണ്ട്. ഈ കേസുകളുടെ പൊതു വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പ്രകാരം വൈഗ ത്രെഡ്സ് കമ്പനിയുടെ കൈവശത്തിലുള്ള അവശേഷിക്കുന്ന ഭൂമിയും തിരിച്ചെടുക്കുന്നതിനും കമ്പനിയുടെ പേരിൽ നിലവിലുള്ള കുടിശ്ശികയും പിരിച്ചെടുക്കുന്നതിനും ഉത്തരവായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ കൈവശത്തിൽ അവശേഷിച്ചിരുന്ന 30.57 ഏക്കർ ഭൂമിയും കൂടി 2017 ൽ റവന്യൂ വകുപ്പിലേയ്ക്ക് തിരികെ ഏറ്റെടുത്തിട്ടുണ്ട്.

വൈഗ ത്രെഡ്സ് പ്രോസസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുഴുവൻ അസെറ്റ്സ് ആന്റ് ഇഫക്ട്സ് കർണ്ണാടക ഹൈക്കോടതിയുടെ കമ്പനി പെറ്റീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഫീഷ്യൽ ലിക്വിഡേറ്റർ ഓഫ് ഹൈകോർട്ട് ഓഫ് കർണ്ണാടകയുടെ സംരക്ഷണയിൽ ആയിട്ടുള്ള സാഹചര്യത്തിൽ കമ്പനിയുടെ പേരിൽ നിലവിലുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കർണ്ണാടക ഹൈക്കോടതിയിൽ ക്ലെയിം പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതും അതിന്റെ നടപടികൾ തുടർന്നു വരുന്നതുമാണ്.

സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിന്റെ (സിൽക്ക്) അത്താണിയിൽ കൈവശമുള്ള ഭൂമിയിൽ ഒരു ഗാൽവനൈസിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനും സിൽക്കിന്റെ കോർപ്പറേറ്റ് ഓഫീസും പ്രൊജക്ട് ഡിവിഷനും നിർമ്മിക്കുന്നതിനുള്ള തീരുമാനം ഈ പൊതുമേഖല സ്ഥാപനത്തിനായി ആവിഷ്കരിച്ച മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ തലത്തിൽ വെഹിക്കിൾ സ്ക്രാപ്പിംഗ് പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി സിൽക്ക് വെഹിക്കിൾ സ്ക്രാപ്പിംഗ് സ്റ്റേഷൻ, അത്താണിയിലെ ഭൂമി ഉപയോഗപ്പെടുത്തി സ്ഥാപിക്കുന്നതിനുള്ള നടപടിയും കൈക്കൊണ്ടുവരുന്നു.

സിതാറാം മില്ലിനെപോലുള്ള സ്ഥാപനങ്ങളുടെ അധിക ഭൂമി വ്യവസായ പാർക്കുകളാക്കി മാറ്റാൻ കഴിയുമോയെന്ന കാര്യവും പരിശോധിച്ചു വരികയാണ്.