My Village Special Employment Scheme of Khadi Village Industries Board

ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി

കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനായി ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം ലക്ഷ്യമിട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം. സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്നതാണ് എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി. കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർക്ക് വ്യവസായ സംരംഭകരാകുവാനും അതോടൊപ്പം തൊഴിൽ ദാതാവാകുവാനും ഈ പദ്ധതിയിലൂടെ അവസരം ലഭിയ്ക്കും. പദ്ധതി പ്രകാരം 25,000 രൂപ മുതൽ 25,00,000 രൂപവരെ മുതൽമുടക്കിൽ ആരംഭിയ്ക്കാവുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരഭങ്ങൾക്ക് ആകെ പ്രോജക്ട് തുകയുടെ 95% വരെ ബാങ്ക് വായ്പയും 35% വരെ സബ്സിഡിയും ലഭ്യമാകുന്നതാണ്. SC/ST വിഭാഗം സംരഭകർക്ക് 40% സബ്സിഡി ലഭ്യമാകും.

വായ്പ ആവശ്യമുള്ളവര്‍ ബാങ്ക് വായ്പ ലഭ്യത ഉറപ്പുവരുത്തി ഖാദി ബോര്‍ഡിന്റെ ജില്ല ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയ്ക്ക് പ്രത്യേക പ്രൊജക്ട് റിപ്പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ ബാങ്കുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മതിയായ പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണ്. ഭൂമിയുടെയും, വാഹനം ആവശ്യമുണ്ടെങ്കില്‍ അതിന്റെയും വിലകള്‍ മൊത്തം പ്രൊജക്ട് കോസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഖാദി കമ്മീഷനും അനുശാസിക്കുന്നതും ഭേദഗതി വരുത്തുന്നതുമായ എല്ലാ ലൈസന്‍സുകളും റിക്കാര്‍ഡുകളും കൈവശമുണ്ടായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും മറ്റു പിന്നാക്ക വിഭാഗക്കാരും അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് 5 ലക്ഷം രൂപയാണ്. മൂലധനച്ചെലവിന്റെ (കെട്ടിടം, യന്ത്രസാമഗ്രികള്‍) ഓരോ ഒരു ലക്ഷം രൂപയ്ക്കും കുറഞ്ഞത് ഒരാള്‍ക്ക് തൊഴില്‍ ലഭ്യമാക്കണം. ജനറല്‍ വിഭാഗക്കാര്‍ക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 25% മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 30% വും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 40% വും മാര്‍ജിന്‍ മണി ലഭിക്കും. ജനറല്‍ വിഭാഗം സംരംഭകര്‍ പ്രൊജക്ട് കോസ്റ്റിന്റെ 10% സ്വന്തം മുതല്‍ മുടക്കായി പദ്ധതിയില്‍ നിക്ഷേപിക്കുകയോ വിനിയോഗിക്കുകയോ ചെയ്യേണ്ടതാണ്. മറ്റു വിഭാഗങ്ങള്‍ക്ക് ഇത് 5 ശതമാനമായിരിക്കും. ജനറല്‍ വിഭാഗം സംരംഭകര്‍ പ്രൊജക്ട് കോസ്റ്റിന്റെ 90% തുക ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയായി ലഭ്യമാക്കണം. മറ്റ് വിഭാഗങ്ങള്‍ക്ക് ഇത് 95% ആയിരിക്കും.

സംരംഭം തുടങ്ങുവാൻ താല്പര്യമുള്ളവർ അതാത് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും, ധര്‍മ്മസ്ഥാപനങ്ങള്‍ക്കും, സ്വയം സഹായ സംഘങ്ങള്‍ക്കും പദ്ധതി പ്രകാരം അപേക്ഷിയ്ക്കാവുന്നതാണ്. കൂടുതൽ http://kkvib.org/ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ -0471 2471696 മൊബൈൽ -9961474157, ഡയറക്ടർ (ഗ്രാമ വ്യവസായം).