Keltron's signature on the Chandrayaan 3 mission

ചാന്ദ്രയാൻ 3 മിഷനിൽ കെൽട്രോണിന്റെ കൈയൊപ്പ്

ISRO ഇന്ന് വിജയകരമായി വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ 3 മിഷനിൽ സുപ്രധാന പങ്ക് വഹിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. ചാന്ദ്രയാൻ 3 മിഷനിൽ നാൽപ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ LVM 3 യിലെ ഇൻറർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയത് കെൽട്രോൺ ആണ്.
ISRO യുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള അസംബ്ലിങ് ആൻഡ് ഫാബ്രിക്കേഷൻ പ്രോസസ്സുകൾ കൃത്യമായി പരിപാലിച്ചാണ് കെൽട്രോൺ ഈ സുപ്രധാന മിഷനിൽ ഭാഗമായിട്ടുള്ളത്. തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സ്, ബാംഗ്ലൂർ മാർക്കറ്റിംഗ് ഓഫീസ് തുടങ്ങിയ യൂണിറ്റുകളാണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്.
സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ എസ് ആർ ഒ യുടെ വിവിധ സെൻററുകളായ വി എസ് എസ് സി, എൽ പി എസ് സി, എം വി ഐ ടി, ഐ എസ് യു, യു ആർ എസ് സി ബാംഗ്ലൂർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം കെൽട്രോൺ നൽകി വരുന്നതാണ്. ഇതിലൂടെ ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതിൽ കെൽട്രോണും ഭാഗമാവുകയാണ്.