The specialty of Khadi products is the variety that retains its uniqueness

തനിമ നിലനിർത്തിയുള്ള വൈവിധ്യങ്ങളാണ് ഖാദി ഉൽപ്പന്നങ്ങളുടെ പ്രത്യേകത

സംസ്ഥാന ഓണം ഖാദി മേള 2023 ആരംഭിച്ചു. ഗുണനിലവാരമുള്ള ഖാദി ഉൽപ്പന്നങ്ങൾ 30% ഗവൺമെന്റ് റിബേറ്റിലാണ് വിൽക്കുന്നത്. ലോൺട്രി, ഡിസൈനേഴ്‌സ് അടക്കമുള്ള സൗകര്യങ്ങൾ ഖാദി ഗ്രാമ വ്യവസായ ബോർഡിനുണ്ട്. വിവിധ വിഭാഗങ്ങളിലുള്ളവരുടെ ആവശ്യങ്ങൾക്കും അഭിരുചികൾക്കുമനുസരിച്ച് തനിമയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഖാദിക്ക് സാധിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാരെന്ന പോലെ ഡോക്ടർമാർ, നഴ്‌സസ് തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഖാദി വസ്ത്രത്തിലേക്ക് മാറുന്നുണ്ട്. ഗ്രാമീണ വ്യവസായ മേഖലയിൽ നന്നായി ഇടപെടുവാനും തൊഴിലാളികളുട സാമ്പത്തിക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുവാനും ബോർഡിന് കഴിയുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം ആരംഭിക്കുന്നതോടെ ലോകത്തിലെല്ലായിടത്തും എത്തിച്ചേരുന്ന രീതിയിലേക്ക് ഖാദി ഉൽപ്പന്നങ്ങൾ മാറും. കേരള ഖാദി സ്‌പൈസസിന്റെ പ്രവർത്തനവും ആരംഭിച്ചു.

ഓഗസ്റ്റ് 19 മുതൽ 28 വരെ അയ്യങ്കാളി ഹാളിലാണ് ഓണം ഖാദി മേള നടക്കുന്നത്. മേളകളോടനുബന്ധിച്ച് ഓരോ ആയിരം രൂപയുടെയും ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന സമ്മാനക്കൂപ്പൺ വഴി ഒന്നാം സമ്മാനമായി റ്റാറ്റാ ടിയാഗോ ഇലക്ട്രിക് കാറും, രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും, മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനും, ആഴ്ചതോറുമുള്ള നറുക്കെടുപ്പിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. സർക്കാർ അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.

മില്ലേനി, സമ്മർ, ലീഡർ, റോയൽ ഇൻഡ്യ എന്നീ റെഡിമെയ്ഡ് ഷർട്ടുകൾ വിവാഹ വസ്ത്രങ്ങൾ, ഡോക്ടേഴ്‌സ്- നേഴ്‌സസ് കോട്ടുകൾ, കാക്കി യൂണിഫോമുകൾക്കും പുറമെ പുതുതായി ‘പാപ്പിലിയോ എന്ന ബ്രാൻഡ്യിമിൽ ആകർഷകമായ ചുരിദാർ ടോപ്പുകൾ ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, ജുബ്ബകൾ എന്നിവയും ആദ്യമായി ഖാദി കസവ് സാരികളും കൂടാതെ ഗ്രാമവ്യവസായ ഉത്പന്നമായ കേരള ഖാദി സ്‌പൈസസ് എന്ന പേരിൽ സുഗന്ധ വ്യഞ്ജനങ്ങളും ഈ ഓണക്കാലത്ത് വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശം ജനങ്ങളിൽ എത്തിച്ച് ഓണക്കോടിയായി കുടുംബത്തിനാകെ ഖാദി വസ്ത്രം എന്ന പ്രചാരണത്തിന് കൂടി തുടക്കമിട്ടുകൊണ്ടാണ് മേള സംഘടിപ്പിക്കുന്നത്.