P. Rajeev says workers' wages and working days will increase

തൊഴിലാളികളുടെ വേതനവും തൊഴിൽ ദിനങ്ങളും വർധിക്കുമെന്ന് പി.രാജീവ്

കൈത്തറി മേഖലക്ക് 25 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. അടുത്ത അധ്യയന
വർഷത്തേക്കുള്ള (2022-23) സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കാണ് ഈ തുക ഉപയോഗപ്പെടുത്തുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഒന്നു മുതൽ ഏഴ് വരെയുള്ള സർക്കാർ വിദ്യാലയങ്ങളിലേയും ഒന്നു മുതൽ നാലു വരെയുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്കാണ് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നൽകുന്നത്.

2022-23ലേക്ക് സമർപ്പിച്ചിട്ടുള്ള 120 കോടി രൂപ വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ 25 കോടി രൂപ അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങളിൽ ജോലിചെയ്യുന്ന ആറായിരത്തിലധികം കൈത്തറിത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിൽ വരുത്തുന്നതിനു മുൻപ് 100 രൂപയിൽ താഴെ ദിവസക്കൂലിയിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് നെയ്ത്തുകാർക്ക് തൊഴിൽ ലഭിച്ചതെങ്കിൽ, ഈ പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600ലധികം രൂപ ദിവസ വരുമാനവും 250ൽ കൂടുതൽ തൊഴിൽ ദിനങ്ങളും ലഭ്യമാകുന്നുണ്ട്.

കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൈത്തറി വസ്ത്ര മേഖല. കൈത്തറി തൊഴിലാളികൾ ഈ മേഖലയിൽ നിന്നും കൊഴിഞ്ഞ് പോയികൊണ്ടിരുന്ന സാഹചര്യത്തിലാണ്, കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി സർക്കാർ 2016-17 സാമ്പത്തിക വർഷം മുതൽ സൗജന്യ കൈത്തറി സ്ക്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ കൈത്തറി തുണി (രണ്ട് ജോടി വീതം) നൽകിവരികയാണ്. ഇതുവരെ 232കോടിയോളം രൂപ നെയ്ത്തുകൂലി ഇനത്തിൽ തൊഴിലാളികൾക്ക് വിതരണം ചെയ്തു. നിലവിൽ 6,200 നെയ്ത്തുകാർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് പൂട്ടിക്കിടന്നിരുന്ന 15 കൈത്തറി സംഘങ്ങൾ പദ്ധതിയുടെ ഭാഗമായി തുറന്നു പ്രവർത്തിപ്പിക്കാനും സാധിച്ചു.

കൈത്തറി യൂണിഫോം പദ്ധതി മൂലം കൈത്തറി നെയ്ത്തുകാർക്ക് മാത്രമല്ല, കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകൾക്കും പുത്തൻ ഉണർവാണ് കൈവന്നത്. സ്കൂൾ യൂണിഫോമിന് ആവശ്യമായ നൂൽ കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകളിൽ നിന്നുമാണ് വാങ്ങുന്നത്. 2020ലേയും 2021ലേയും ലോക്ക് ഡൗൺ കാലയളവിൽ തൊഴിൽ നഷ്ടപ്പെടുമായിരുന്ന ആറായിരത്തോളം നെയ്ത്തു തൊഴിലാളികൾക്കും നൂൽ നിർമ്മിക്കുന്ന സ്പിന്നിംഗ് മിൽ തൊഴിലാളികൾക്കും കൈത്തറി യൂണിഫോം പദ്ധതിയിലൂടെ തൊഴിൽ നൽകാൻ കഴിഞ്ഞു.