Do you have an innovative idea to start a business? Then you can participate in Dreamwester competition

പുത്തൻ ആശയങ്ങളാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം.
നിങ്ങളുടെ മനസിൽ സംരംഭം തുടങ്ങാനാവശ്യമായ നൂതനാശയമുണ്ടോ? എങ്കിൽ ഡ്രീംവെസ്റ്റർ മത്സരത്തിൽ പങ്കെടുക്കാം.

നവസംരംഭകർക്ക് ആകർഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കുകയാണ് വ്യവസായ വാണിജ്യവകുപ്പ്. ഡ്രീംവെസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാമതെത്തുന്നവർക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2 ലക്ഷം രൂപയും സമ്മാനം ലഭിക്കും. 4 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 സ്ഥാനം വരെയുള്ളവർക്ക് 25000 രൂപ വീതവും സമ്മാനം ലഭിക്കും.

ഡ്രീംവെസ്റ്റർ നൂതനാശയ മത്സരത്തിൽ നിങ്ങൾ അവതരിപ്പിക്കുന്ന ആശയങ്ങൾ ആകർഷകമാണെങ്കിൽ അവ സ്വപ്നങ്ങളായി അവസാനിക്കുകയില്ല എന്ന് സർക്കാർ ഉറപ്പ് നൽകുന്നു. തെരഞ്ഞെടുക്കുന്ന എല്ലാ ആശയങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിങ്ങ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണിബന്ധങ്ങൾ എന്നീ സഹായം ലഭ്യമാക്കും. ഈ നാട് സംരംഭക സൗഹൃദമായി വളരുമ്പോൾ സംരംഭകരോടുള്ള സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പരിപാടിയായി ഡ്രീംവെസ്റ്റർ മാറും.

സംരംഭക വർഷം പദ്ധതിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിൽ വേരൂന്നിക്കൊണ്ട് വിജയകരമായ കൂടുതൽ സംരംഭങ്ങൾ സ്ഥാപിക്കാനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും നിങ്ങളെ സർക്കാർ സഹായിക്കും. ഇന്നുമുതൽ 2022 ഡിസംബർ 23 വരെയുള്ള കാലയളവിൽ www.dreamvestor.in വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ആശയങ്ങൾ സമർപ്പിക്കാനുള്ള അവസരമുണ്ടാകും