Crucial Amendment – ​​Insertion of the word 'She'

‘ഷി’ (She) എന്ന പദം ഉൾപ്പെടുത്തി; ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം നിജപ്പെടുത്തൽ ബില്ലിൽ നിർണ്ണായക ഭേദഗതി

ലിംഗതുല്യതക്കായുള്ള വിവിധ നടപടികളുടെ ഭാഗമായി സുപ്രധാനമായ ഭേദഗതിയോടെ നിയമസഭ ബിൽ പാസാക്കി. കേരള ഹൈക്കോടതി സർവീസസ് (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബില്ലിലാണ് ഷി (She) എന്ന പദം പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ഉണ്ടായിരുന്ന നിയമത്തിൽ ജീവനക്കാർ വിരമിക്കുന്നത് സംബന്ധിച്ച വകുപ്പിൽ ഹി (He) എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തിൽ ‘he’ എന്ന വാക്കിന് മുൻപായി ‘she’ എന്ന വാക്ക് പുതുതായി കൂട്ടിച്ചേർത്ത് ‘she or he’ എന്നാക്കി. നിലവിലുള്ള ‘ജനറൽ ക്ലോസസ് ആക്റ്റ്’ പ്രകാരം ‘he’ എന്ന് മാത്രം ഉപയോഗിച്ചാൽ അതിൽ പുരുഷനും സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിൻ്റെ സ്ത്രീ ശാക്തീകരണ സമീപനത്തിൻ്റെ ഭാഗമായിട്ടാണ് നിയമത്തിലും ഈ ഭേദഗതി വരുത്തിയിരിക്കുന്നത്. മാറ്റമൊരു വാക്കിൽ മാത്രമല്ലെന്നും സമൂഹത്തിനുള്ള സന്ദേശം കൂടിയാണ്.