Advanced Robotic Commercialization Research Center and Humanoid Robot Research Center will be established

ആർടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ ലോകത്തെ ഏത് മാറ്റങ്ങളും മറ്റേത് സംസ്ഥാനങ്ങളേക്കാളും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം കേരളത്തിലാണുള്ളത്. മികച്ച മാനവവിഭവശേഷിയും മറ്റ് സൗകര്യങ്ങളും ലഭ്യമാണെന്നതിനാൽ ഈ മേഖലയിൽ വളർച്ച സാധ്യമാക്കുന്നതിനായി മറ്റ് സഹായങ്ങൾ പുതിയ വ്യവസായ വാണിജ്യ നയത്തിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്നു. സർക്കാരിൻ്റെ ഇൻ്റസ്ട്രി-അക്കാദമിയ സഹകരണത്തിൻ്റെ ഭാഗമായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കും. റോബോട്ടിക്സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോബോട്ടിക്സ് ഇന്നൊവേഷൻ/ഇൻകുബേഷൻ സെൻ്ററുകൾ സ്ഥാപിക്കും.

ഉൽപാദനം, കാർഷിക-ഭക്ഷ്യസംസ്കരണം, ടൂറിസം, ഹെൽത്ത് കെയർ, ബയോടെക്നോളജി & ലൈഫ് സയൻസസ്, ലോജിസ്റ്റിക്സ് തുടങ്ങിയ മുൻഗണനാ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്നതിനായി എം എസ് എം ഇ എ.ഐ മിഷൻ വികസിപ്പിക്കും. റോബോട്ടിക് സൊല്യൂഷൻ വികസനത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനായി കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ റോബോട്ടിക്സ് പദ്ധതികളുടെ സാധ്യതകൾ ഉയർത്തിക്കാട്ടി അന്താരാഷ്ട്ര എക്സ്പോകളും നിക്ഷേപ റോഡ് ഷോകളും സംഘടിപ്പിക്കും.