Board for Public Sector Transformation to lead the public sector; Riab reorganized

പൊതുമേഖലയെ നയിക്കാൻ ഇനി ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ; റിയാബ് പുന:സംഘടിപ്പിച്ചു

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ് പുന:സംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷന് സർക്കാർ രൂപം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്ന തിനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരമാണിത്. പുതുതായി രൂപം നൽകിയ ബി.പി.ടിയുടെ ചെയർമാനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.അജിത് കുമാറിനേയും മെമ്പർ സെക്രട്ടറിയായി പി. സതീഷ് കുമാറിനേയും നിയമിച്ചു. നിലവിൽ കേരളാ സിറാമിക്സ്‌ എം.ഡിയാണ് സതീഷ് കുമാർ. പൊതു മേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിൽ പ്രധാന ചുവടുവെയ്പാണ് ബി.പി.ടി.യുടെ രൂപീകരണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും സാങ്കേതിക-സാമ്പത്തിക – മാനേജ്മെന്റ് മേഖലകളിൽ പിന്തുണ നൽകുകയുമായിരുന്നു റിയാബിന്റെ പ്രധാന ചുമതല. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വത്തോട് കൂടിയ പ്രവർത്തന സ്വയം ഭരണാധികാരം നൽകുന്നതിന് പോൾ ആന്റണി കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. റിയാബ് പുന:സംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ചെയർമാനും മെമ്പർ സെക്രട്ടറിക്കും പുറമേ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മൂന്ന് വിദഗ്ധരും ബോർഡിൽ അംഗങ്ങളാണ്. മാനേജ്മെന്റ്, ധനകാര്യം, സാങ്കേതികം എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധ അംഗങ്ങളെ സർക്കാർ പിന്നീട് നാമനിർദ്ദേശം ചെയ്യും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ്, അക്കൗണ്ടിംഗ് എന്നീ പ്രവർത്തനങ്ങൾക്കായാണ് 1990 ൽ റിയാബിന് രൂപം നൽകിയത്. കൂടുതൽ മേൽ നോട്ടാധികാരത്തോടെ പിന്നീട് ശാക്തീകരിക്കുകയായിരുന്നു.