Support for agricultural products with Geo Index status

ഭൗമ സൂചിക പദവിയുള്ള കാർഷികോത്പന്നങ്ങളുടെ മൂല്യവര്ധനത്തിനും വിപണനത്തിനും ഇനി ഓൺലൈൻ പ്ലാറ്റ്‌ഫോം
ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും കൂടുതൽ വിപണി കണ്ടെത്തുന്നതിനുമായി ഭൗമസൂചിക ഉത്പന്നങ്ങളുടെ സമ​ഗ്ര വിവരങ്ങളടങ്ങിയ വെബ്സൈറ്റ് www.gikerala.in പ്രവർത്തനം തുടങ്ങി. ഭൗമ സൂചികാ പദവി ലഭിച്ച ഉൽപന്നങ്ങളുടെ പ്രചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാ​ഗമായാണ് വെബ്സൈറ്റ് ആരംഭിച്ചത്. ഉത്പന്നങ്ങളുടെ പ്രത്യേകതകൾ, ഉത്പാദകരുടെയും വിപണനം നടത്തുന്നവരുടെയും വിവരങ്ങൾ തുടങ്ങിയവ വെബ്സൈറ്റിൽ ലഭ്യമാണ്. ഭാവിയിൽ ഉത്പന്നങ്ങൾ ഓൺലൈൻ വിപണനം നടത്താനാകും വിധത്തിൽ വൈബ്സൈറ്റിൽ സൗകര്യമൊരുക്കും.

ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തിരിച്ചറിയാൻ വേണ്ടിയാണ് ഭൗമസൂചിക പദവി നൽകുന്നത്. മികച്ച ഗുണനിലവാരവും ഉൽപന്നത്തിന്റെ മൗലികസ്വഭാവവുമാണ് അതിന്റെ മാനദണ്ഡം.ഇന്ത്യയിൽ നാനൂറിൽപരം തനത് ഉത്പന്നങ്ങളാണ് ഇതുവരെ ജി ഐ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. പത്ത് വർഷത്തേക്കാണ് ഭൗമസൂചിക പദവി നൽകുക. പിന്നീട് പുതുക്കി നൽകും. സംസ്ഥാനത്ത് ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് നിലവിൽ 35 ഭൗമ സൂചിക ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. വയനാട് ജീരകശാല അരി, വയനാട് റോബസ്റ്റ കോഫി, വാഴക്കുളം കൈതച്ചക്ക, മധ്യ തിരുവിതാംകൂർ ശർക്കര, മറയൂർ ശർക്കര, കുത്താംപുള്ളി കൈത്തറി, നവരയരി, പൊക്കാളി അരി, ആറന്മുള കണ്ണാടി, പാലക്കാടൻ മട്ട, ചേന്ദമംഗലം മുണ്ടുകൾ, കാസർഗോഡ് സാരി,എടയൂർ മുളക്, നിലമ്പൂർ തേക്ക്, ആലപ്പുഴ ഏലക്ക, തിരൂർ വെറ്റില, ചെങ്ങലിക്കോടൻ നാടൻ നേന്ത്ര തുടങ്ങി ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

ജി ഐ ഉത്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനായി മികച്ച മാർക്കറ്റിങ് രീതികൾ ഉപയോഗിക്കുന്നതിനു വ്യവസായ വകുപ്പ് പിന്തുണ നൽകും.ജി ഐ ഉത്പാദകർക്ക് നിയമപരമായപിന്തുണയും നൽകും. ഇവർക്ക് ആവശ്യമായ വിപണിപിന്തുണ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. ജി ഐ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തലത്തിൽ ഒരു നോഡൽ ഓഫീസർ ഉണ്ടായിരിക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയും ജി ഐ ഉത്പാദകർക്ക് സഹായം നൽകും.