Keltron is providing security systems on the Mumbai-Pune Expressway

കെല്‍ട്രോണ്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന് കേരളത്തിന് പുറത്തു നിന്നുള്ള ആദ്യ ഓര്‍ഡര്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചു. മുംബൈ -പൂനെ എക്‌സ്പ്രസ് ഹൈവേയിലെ (യശ്വന്ത്‌റാവു ചവാന്‍ എക്‌സ്പ്രസ് വേ)ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. 9.05 കോടി രൂപയുടെ പദ്ധതിയാണിത്.

ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതികളില്‍ കേരളത്തിന് പുറത്ത് കെല്‍ട്രോണിന് ലഭിക്കുന്ന ആദ്യത്തെ വലിയ പദ്ധതിയാണിത്. റഡാര്‍ അധിഷ്ഠിതമായ 28 സ്‌പോട്ട് ആന്‍ഡ് ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റവും, 11 ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റവുമാണ് ഈ പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സ്ഥാപിച്ചു നല്‍കുന്നത്.

ഹൈവേയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളേയും 24 മണിക്കൂറും നിരീക്ഷിക്കുകയും അവയുടെ നമ്പറും ചിത്രവും വേഗതയും ദിശയുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുകയും ചെയ്യുന്ന സംവിധാനമാണ് റഡാര്‍ അധിഷ്ഠിതമായ സ്‌പോട്ട് ആന്‍ഡ് ആവറേജ് സിസ്റ്റം. വാഹനങ്ങളുടെ ചിത്രവും നമ്പര്‍ പ്ലേറ്റും ജി.പി.എസ് അധിഷ്ഠിതമായ സമയവും അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയും കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുകയും ചെയ്യും. ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഇതിലൂടെ വാഹങ്ങളുടെ ശരാശരി വേഗത ഉള്‍പ്പെടെ കണ്ടെത്താനാകും. കണ്‍ട്രോള്‍ റൂമിലെത്തുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാം.

ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതുവഴി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സമാന പദ്ധതികളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ കെല്‍ട്രോണിന് പ്രതീക്ഷിക്കാം.

സേഫ് കേരളാ പദ്ധതിയ്ക്കു വേണ്ടി 726 എന്‍ഫോഴ്‌സമെന്റ് സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുള്ള കെല്‍ട്രോണിന് റോഡ് സുരക്ഷാ മേഖലയില്‍ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളുടെ പരിചയസമ്പത്തുണ്ട്. ട്രാഫിക് സിഗ്‌നലുകള്‍, എല്‍.ഇ.ഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നീ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന ട്രാഫിക് സിഗ്‌നല്‍ സൊല്യൂഷന്‍സ്, ജംഗ്ഷനുകളും റോഡുകളും നിരീക്ഷിക്കുന്നതിനുള്ള സര്‍വൈലന്‍സ് ക്യാമറകള്‍, റോഡ് നിയമങ്ങള്‍ പാലിക്കുന്നു എന്നുറപ്പാക്കാന്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സൊല്യൂഷന്‍സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി റോഡ് സുരക്ഷയ്ക്കുള്ള എല്ലാവിധ സേവനങ്ങളും കെല്‍ട്രോണ്‍ നിലവില്‍ നല്‍കുന്നുണ്ട്.