Kerala brand certification for Made in Kerala products

മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ

മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കാൻ കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ. ചെറുകിട വ്യവസായ സംരംഭകർക്ക് കുറഞ്ഞ ചെലവിൽ മികച്ച വിപണിമൂല്യം സംരംഭത്തിന് ഉറപ്പാക്കാൻ സർട്ടിഫിക്കേഷനിലൂടെ സാധിക്കും. കേരളത്തിൽ നിന്ന് തന്നെ ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഇവിടെ തന്നെ നിർമിച്ച ഉത്പന്നങ്ങൾ ആകണം ബ്രാൻഡിനായി അപേക്ഷിക്കേണ്ടത്. ബാലവേല പാടില്ല, സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം, സുരക്ഷിതമായ തൊഴിലിടം തുടങ്ങിയ മാനദണ്ഡങ്ങൾ സംരഭങ്ങൾ പാലിക്കണം. തുടക്കത്തിൽ കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അനുവദിക്കുന്നത് 2 വർഷക്കാലാവധിയിലാണ്.

സംസ്ഥാന തലത്തിലും താലൂക്ക് തലത്തിലും അപേക്ഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. അപേക്ഷ ആദ്യം താലൂക്ക് തല സമിതിയിൽ സമർപ്പിക്കണം. ഈ സമിതിയുടെ ചെയർപേഴ്സൺ ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജരും കൺവീനർ താലൂക്ക് വ്യവസായ ഓഫീസറുമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ല ഓഫീസർമാർ, വ്യവസായ വികസന ഓഫീസർ, വ്യവസായ അസോസിയേഷൻ പ്രതിനിധികൾ, സാങ്കേതിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ അടങ്ങുന്നതാണ് താലൂക്ക് തല സമിതി. മാനദണ്ഡങ്ങൾ ഉറപ്പാക്കി സംസ്ഥാന സമിതിക്ക് ഇവർ അപേക്ഷ കൈമാറും.

പ്രിൻസിപ്പൽ സെക്രട്ടറി(വ്യവസായം) ചെയര്പേഴ്സണും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായ സംസ്ഥാനതല കമ്മിറ്റിയാണ് കേരള ബ്രാൻഡ് ആയി അംഗീകാരം നൽകുന്നത്. ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി, വകുപ്പ് പ്രതിനിധികൾ, കെഎസ്‌ഐഡിസി, കെ-ബിപ്, ഡി.ജി.എഫ്.ടി, കെഎസ്എസ്‌ഐഎ, ബിഐഎസ് പ്രതിനിധി, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്നതാണ് സംസ്ഥാന സമിതി.