Science Park to grow rapidly into a knowledge economy

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് അതിവേഗം മുന്നേറികൊണ്ടിരിക്കുന്ന കേരളം രാജ്യത്തെ തന്നെ ആദ്യ 3-ാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കിങ് വേദിയാവുന്നു. ₹ 200 കോടി ചെലവിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനാണ് തുടക്കമാകുന്നത്. ടെക്നോപാർക്ക് ഫേസ് –നാലിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലാണ് കേരള സർക്കാരിന്റെ പൂർണ മുൻകൈയിൽ സയൻസ് പാർക്ക് നിർമിക്കുന്നത്. ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള 14 ഏക്കറോളം സ്ഥലം ഇതിനായി നീക്കിയിരുത്തിയിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകും. ₹ 1515 കോടിയാണ് ആകെ പദ്ധതി വിഹിതമായി കണക്കാക്കിയിട്ടുള്ളത്. 2 ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പാർക്ക് സ്ഥാപിക്കുന്നത്.

വ്യവസായ-ബിസിനസ് യൂണിറ്റുകൾ, ഇലക്ട്രോണിക്സ്, അർധ ചാലകങ്ങൾ, 5 ജി ആശയവിനിമയം, സ്മാർട് മെറ്റീരിയലുകൾ, മെഡിക്കൽ മെറ്റീരിയലുകൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റൽ വ്യവസായമായ ഇൻഡസ്ട്രി 4.0, ഇ-മൊബിലിറ്റി, ഡിജിറ്റൽ ഹെൽത്ത് എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ആപ്ലിക്കേഷനുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഡിജിറ്റൽ ഡീപ്ടെക്, ബ്ലോക്ക് ചെയിൻ, സുരക്ഷ, പരിസ്ഥിതി സുസ്ഥിര ഇൻഫർമാറ്റിക്സ് തുടങ്ങിയ മേഖലകളിലാണ് സയൻസ് പാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

റോബട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാർട് ഹാർ‍ഡ്‌വെയർ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും ഇവിടെ സൗകര്യമൊരുക്കും. അന്താരാഷ്ട്ര ഗവേഷണ പഠന സ്ഥാപനങ്ങളും വിവിധ സർവകലാശാലകളും സയൻസ് പാർക്കിന്റെ ഭാഗമാകും.