Venture in Thiruvananthapuram; 1500 crore will be invested in 5 years

പദ്ധതി യാഥാർത്ഥ്യമായത് മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലൂടെ

എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യു എസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തും. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയുടെ ധാരണപ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്കില്‍ ആരംഭിച്ച വെന്‍ഷ്വറിന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവില്‍ 200 ഓളം പേരാണ് ജോലിചെയ്യുന്നത്. കിന്‍ഫ്ര അനുവദിച്ച രണ്ടേക്കര്‍ ഭൂമിയില്‍ ആക്‌സല്‍ ഇന്‍ഫിനിയം പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് വെന്‍ഷ്വര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തെ പ്രമുഖ പ്രൊഫഷണല്‍ എംപ്ലോയര്‍ ഓര്‍ഗനൈസേഷന്‍ ആയ വെന്‍ഷ്വറിനു ഒരുലക്ഷത്തിലധികം ബിസിനസ് കൂട്ടാളികളാണ് ഉള്ളത്. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കാവശ്യമായ മാനവശേഷി, പേ റോള്‍, റിസ്‌ക് മാനേജ്മെന്റ്, ജീവനക്കാര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വെന്‍ഷ്വര്‍. പത്ത് രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി കേരളത്തെ മാറ്റാനാണ് വെന്‍ഷ്വര്‍ ശ്രമിക്കുന്നത്. ആവശ്യപ്പെട്ടതിനു ശേഷം 80 ദിവസങ്ങൾക്കുള്ളിൽ ഓഫീസ് സ്ഥലം ലഭ്യമാക്കാൻ കിൻഫ്രക്ക് കഴിഞ്ഞു. പ്രവർത്തനം വിപുലപ്പെടുത്താൻ കൂടുതൽ സ്ഥലം ഒരുക്കി നൽകാൻ തയ്യാറാണെന്നും കിൻഫ്ര അറിയിച്ചിട്ടുണ്ട്.