NABARD to co-operate with the Department of Industries' Entrepreneurship Year

വ്യവസായ വകുപ്പിന്റെ സംരംഭകവർഷവുമായി സഹകരിക്കാൻ നബാർഡ്; യോജിച്ച പ്രവർത്തനത്തിന് ഉദ്യോഗസ്ഥ സംഘം

വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുമായി സഹകരിക്കുന്നതിന് നബാർഡ് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. വ്യവസായ മന്ത്രി പി.രാജീവുമായി നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്താലയും ഉന്നത ഉദ്യോഗസ്ഥ സംഘവും നടത്തിയ ചർച്ചയിൽ ഇതിനുള്ള ധാരണയായി.

വ്യവസായ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നബാർഡിന് സമർപ്പിക്കും. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2 നോഡൽ ഓഫീസർമാരെ നിയമിക്കുന്നതിനും ധാരണയായി. ഒരു ഉദ്യോഗസ്ഥൻ വ്യവസായ മേഖലയിൽ നിന്നും മറ്റൊരാൾ കൈത്തറി മേഖയിൽ നിന്നുമായിരിക്കും. നബാർഡുമായി സഹകരിച്ച് കൂടുതൽ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.

വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നബാർഡ് സംഘവുമായി ചർച്ച ചെയ്തതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. സംരംഭക വർഷത്തിന് പുറമേ ചേന്ദമംഗലം കൈത്തറി ഗ്രാമം പദ്ധതി, ഭക്ഷ്യ സംസ്കരണ മേഖലയിൽ ആരംഭിക്കാൻ പോകുന്ന പദ്ധതികൾ എന്നിവയിലും നബാർഡ് സഹകരണം വാഗ്ദാനം ചെയ്തു. വ്യവസായ യൂണിറ്റുകളുടെ ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിനും കേരള ബ്രാൻ്റിങ്ങ് വിപുലീകരിക്കുന്നതിനുമുള്ള ആലോചനകൾ തുടർന്നും നടത്തും. ചേന്ദമംഗലം കൈത്തറിയെക്കുറിച്ച് മികച്ച അഭിപ്രായമാണ് നബാർഡ് സംഘം പ്രകടിപ്പിച്ചത്. ഹാൻ്റക്സിന്റെ പുതിയ ബ്രാൻ്റ് ഷർട്ടായ ‘കമാൻഡോ’ മന്ത്രി നബാർഡ് ചെയർമാന് സമ്മാനിച്ചു.