Entrepreneur Year : 72091 enterprises in seven months; 4512 crore investment

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ. ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.

നാല് ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്ക് സൗകര്യമൊരുക്കിയും സർക്കാർ മുന്നൊരുക്കം പൂർത്തിയാക്കിയിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇൻ്റേണുകളെയും നിയോഗിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിനേക്കാൾ വേഗതയിലാണ് സംരംഭകവർഷാചരണം മുന്നേറുന്നത്.