സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കും. സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന സംരഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൊന്ന്. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച് പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയാണ് രണ്ടാമത്തെ സംവിധാനം. നിർമിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ് മാതൃകയാണ് മൂന്നാമത്തേത്. സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മുൻകൂട്ടിത്തന്നെ മനസിലാക്കാൻ ഈ സംവിധാനം വഴി സാധിക്കും. സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ് ഓൺലൈൻ പരാതി പരിഹാര പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.
സർവകലാശാലകളുടെയും കോളേജുകളുടെയും അധികമുള്ള ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. സർവകലാശാലകളുടെ ഗവേഷണ ഫലങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പനങ്ങളുടെ വ്യവസായങ്ങൾക്കായിരിക്കും ഇവിടെ മുൻഗണന നൽകുക.
എട്ടു സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധിക ഭൂമിയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ നടപടി ആരംഭിച്ചു. സഹകരണ വകുപ്പ് എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കും. ഈ വർഷം എട്ട് പാർക്ക് ആരംഭിക്കും. സംരംഭക വർഷം പദ്ധതി വിജയിച്ചതിനു കാരണം വകുപ്പുകളുടെ ഏകോപനമാണ്.