Cotton for textile mills in the state has started arriving. Cotton worth Rs 3.3 crore is being purchased.

സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്കുള്ള പഞ്ഞി എത്തിത്തുടങ്ങി. വാങ്ങുന്നത് 3.3 കോടിയുടെ പഞ്ഞി

സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്കായി കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങുന്ന പഞ്ഞി എത്തിത്തുടങ്ങി. മില്ലുകൾക്കായി 3.3 കോടി രൂപയുടെ പഞ്ഞിയാണ് വാങ്ങുന്നത്. ഒരു മാസത്തേക്ക് എട്ട് മില്ലുകൾക്കായി 1200 ബെയിൽ പഞ്ഞിക്ക് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് സംസ്ഥാന സർക്കാരിന് കീഴിലുള്ള കോട്ടൺ ബോർഡ് പർച്ചേസ് ഓർഡർ നൽകിയിരുന്നു. ഇതിൽ 500 ബെയ്ൽസ് പഞ്ഞി 5 മില്ലുകൾക്ക് ഇതിനകം ലഭിച്ചു. അവശേഷിക്കുന്നവ അടുത്ത ദിവസങ്ങളിൽ ലഭിക്കും.

പ്രവർത്തന മൂലധന പ്രതിസന്ധി നേരിടുന്ന മില്ലുകൾ അസംസ്കൃത വസ്തുക്കൾ യഥാസമയം വാങ്ങാൻ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ യൂണിറ്റുകളുടെ പ്രവർത്തനം നിലനിർത്താനാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

കോമളപുരം സ്പിന്നിംഗ് & വീവിംഗ് മിൽ- 300 ബയ്ൽ, പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ- 200 ബെയ്ൽ, ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ- 200 ബെയ്ൽ, കണ്ണൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ -100 ബെയ്ൽ, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ- 150 ബെയ്ൽ, മലബാർ സ്പിന്നിംഗ് & വീവിംഗ് മിൽ -100 ബെയ്ൽ, മാൽകോടെക്സ് -100 ബെയ്ൽ,കെ കെ എം സി എസ് എം – 50 ബെയ്ൽ എന്നിങ്ങനെയാണ് മില്ലുകൾക്ക് കോട്ടൺ ലഭ്യമാക്കുക. സംസ്ഥാന ടെക്സ്റ്റൈൽ കോർപ്പറേഷനും ടെക്സ് ഫെഡിനും ലഭ്യമായ ബജറ്റ് വിഹിതത്തിൽ നിന്ന് മില്ലുകളുടെ മുൻകാല കുടിശ്ശികകളുടെ ഒരു ഭാഗം തീർപ്പാക്കുന്നതിന് സർക്കാർ അനുവാദം നൽകിയിരുന്നു.

ടെക്സ്റ്റൈൽ മേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും പൊതുമേഖലയിലും സഹകരണമേഖലയിലുള്ള സ്പിന്നിങ് മില്ലുകൾക്ക് പഞ്ഞിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് സംസ്ഥാന സർക്കാർ കോട്ടൺ ബോർഡ് രൂപീകരിച്ചത്. വിളവെടുപ്പ് സമയത്ത് ഗുണമേന്മയുള്ള പഞ്ഞി വിലക്കുറവിൽ വാങ്ങി സംഭരിച്ച് മില്ലുകൾക്ക് പിന്നീട് നൽകുന്നതിനാണ് ലക്ഷ്യമിട്ടത്. ഇതിനുള്ള പ്രവർത്തനമൂലധനത്തിനായി എൻ.സി ഡി സി യിൽ നിന്ന് 70 കോടി രൂപ ലഭ്യമാക്കി. ബഡ്‌ജറ്റ് വഴി 10 കോടിയും ലഭ്യമാക്കിയിരുന്നു.

ടെക്സ്റ്റൈൽ മില്ലുകളുൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളിയിരുന്നു.  ഇതിൽ 111.15 കോടി രൂപയുടെ വൈദ്യുതി കുടിശികയും ടെക്സ്റ്റൈൽ മില്ലുകളുടേതായിരുന്നു.