Kalamassery with Sky Special Employment Scheme

സ്‌കൈ പ്രത്യേക തൊഴിൽ പദ്ധതിയുമായി കളമശ്ശേരി

യുവാക്കൾക്ക് തൊഴിൽ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയായ സ്‌കൈയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളുമായ 100 പേർക്ക് തൊഴിലവസരമൊരുങ്ങുന്നു.സ്‌കൈയും ടെക്‌നോപാർക്കിലെ സിംപ്ലോജിക്‌സ് സൊലൂഷ്യൻസ് കമ്പനിയുമായി ചേർന്നാണ് ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്നത്.

ടാക്‌സേഷൻ ഡോമെയ്‌നിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയിലെ ആദായനികുതി ഫയലിങ്ങുമായി ബന്ധപ്പെട്ട പ്രോജക്ടിലാണ് അവസരം. അസോസിയേറ്റ് ടാക്‌സ് അനലിസ്റ്റ് തസ്തികയിലേക്ക് ബി.കോം, ബി.ബി.എ, എം.ബി.എ, എം.കോം ബിരുദവും ഇംഗ്‌ളീഷ് ആശയ വിനിമയ ശേഷിയുമുള്ള 100 പേരെ നിയമിക്കും. നവംബർ മുതൽ ഏപ്രിൽ വരെ വർക്ക് ഫ്രം ഹോം രീതിയിലാകും ഇന്റേൺഷിപ്പ്. 15000 – 20000 ആണ് പ്രതിഫലം. വീക്ക്‌ലി, നൈറ്റ് ഷിഫ്റ്റ് അലവൻസുകളും ലഭിക്കും. എഴുത്തു പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം.

സ്‌കൈ പദ്ധതിയുടെ ഭാഗമായി വിവിധ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെ കളമശ്ശേരി മണ്ഡലത്തിൽ വനിതകൾക്കും യുവാക്കൾക്കുമായി നൈപുണ്യ പരിശീലന ക്ലാസുകൾ, അസാപ്പ് വഴി പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു.