Funding for the development of start-ups will be increased

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്) കെഎസ്ഐഡിസി വഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷംരൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കും.
കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതുപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറാകണം. പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് കണക്ക്. ഈ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി വിദഗ്ദ്ധസംഘത്തെ കെഎസ്ഐഡിസി തയ്യാറാക്കും. നിര്‍മാണമേഖലയ്ക്ക് പ്രാധാന്യം നല്‍കി നവംബറില്‍ കൊച്ചിയില്‍ സ്റ്റാര്‍ട്ടപ് സംഗമം നടത്തും.

വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പരിപാടിയില്‍ ആറുമാസംകൊണ്ട് 61350 സംരംഭങ്ങള്‍ തുടങ്ങാനായി. ഇതിലൂടെ 1,35,000ല്‍പരം ആളുകള്‍ക്ക് ജോലി ലഭിച്ചു. കെല്‍ട്രോണുമായി ചേര്‍ന്ന് ആയിരംകോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പദ്ധതിരേഖ തയ്യാറാക്കിവരികയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ്ബാഗ് നിര്‍മാണ കമ്പനിയും കൃത്രിമ പല്ല് നിര്‍മാണ കമ്പനിയും ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രധാനപ്പെട്ട ധാരാളം കമ്പനികള്‍ ഇന്ന് കേരളത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ഒട്ടേറെ കമ്പനികള്‍ ഇവിടെ പുതിയ ഓഫീസുകള്‍ തുറക്കുകയാണ്.

കേരളം എല്ലാ ഉല്‍പന്നങ്ങളുടേയും നല്ലൊരു വിപണിയാണ്. 240 കോടി രൂപയുടെ കുപ്പിവെള്ളവും 3000 കോടി രൂപയുടെ തുണിത്തരങ്ങളും വിറ്റുപോകുന്ന ഇവിടെ അതിലേറെയും പുറത്തുനിന്നു വരുന്നവയാണ്. കേരളത്തിന്റെ വിപണിയില്‍ കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്രാന്‍ഡിംഗ് കേരള, മെയ്ഡ് ഇന്‍ കേരള പോലുള്ള ബ്രാന്‍ഡിംഗ് രീതികള്‍ നടപ്പാക്കും. ഇവ സപ്ലൈക്കോ പോലുള്ള വിതരണ ശൃംഖലകളില്‍ പ്രത്യേക വിഭാഗമുണ്ടാക്കി വിറ്റഴിക്കും. ഐടി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം.

പ്രാഥമിക മൂലധന നിക്ഷേപം കിട്ടി വളരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ചിലത് കേരളം വിട്ടപോകുന്നതിന്റെ കാരണം മനസ്സിലാക്കി അതു പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പുകളെ കേള്‍ക്കുന്നതിനുള്ള ഇത്തരം പരിപാടികള്‍. സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും 1000 സംരംഭക വികസന ക്ലബ്ബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കും. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനായി സര്‍വ്വകലാശാലകള്‍ക്കുകീഴില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

കെഎസ്ഐഡിസിയുടെ സ്റ്റാര്‍ട്ടപ് സാമ്പത്തിക പദ്ധതിയില്‍ സഹായം ലഭിച്ച കമ്പനികളിൽ കൂടുതൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറ് കമ്പനികൾക്കുള്ള അച്ചീവ്‌മെന്റ് അവാർഡും ഈ വർഷം വായ്പ അനുവദിച്ചിട്ടുള്ള ഏഴു കമ്പനികൾക്കുള്ള അനുമതിപത്രവും വിതരണം ചെയ്തു.

2014 മുതൽ ഇതുവരെ 126 സ്റ്റാർട്ട് അപ്പുകൾക്ക് കെഎസ്ഐഡിസി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതിലൂടെ 1500ൽപരം തൊഴിലവസരങ്ങൾ സംസ്ഥാനത്തു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സീഡ് ഫണ്ട്, സ്കെയില്‍അപ് ഫണ്ട് എന്നിങ്ങനെ രണ്ട് സ്കീമുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി കെഎസ്ഐഡിസി നടപ്പാക്കുന്നത്. സംരംഭം തുടങ്ങുന്നതിനാവശ്യമായ മൊത്തം തുകയുടെ തൊണ്ണൂറു ശതമാനമോ അല്ലെങ്കിൽ ഇരുപത്തഞ്ചു ലക്ഷം രൂപയോ റിസര്‍വ് ബാങ്ക് നിരക്കായ 5.65 ശതമാനം പലിശയ്ക്ക് വായ്പയായി നൽകുന്നതാണ് സീഡ് ഫണ്ട് പദ്ധതി. മൂന്നു വർഷമാണ് വായ്പ തിരിച്ചടവ് കാലാവധി. തങ്ങളുടെ ഉൽപ്പന്നമോ സേവനമോ വിജയകരമായി വികസിപ്പിക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് എഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപവരെ മൂന്നു വർഷത്തേക്ക് വായ്പ നൽകുകയാണ് സ്‌കെയിൽ അപ്പ് സപ്പോർട്ട് പദ്ധതിയില്‍ ചെയ്യുന്നത്. പരസ്പരധാരണ പ്രകാരം കമ്പനിയിലെ കെഎസ്ഐഡിസിയുടെ ഓഹരി നിക്ഷേപമായി ഈ വായ്പകള്‍ മാറ്റുന്നതിനുള്ള സൗകര്യവുമുണ്ട്.