അഞ്ച് അംഗ ബോർഡ്; നിയമന നടപടികൾക്ക് വെബ് സൈറ്റും
പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് കാര്യക്ഷമതയും നൈപുണ്യവും ഉള്ള ഉദ്യോഗാർത്ഥികളെ സംവരണ തത്ത്വം പാലിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കണ്ടെത്തുന്നതിനാണ് സംസ്ഥാന സർക്കാർ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് എന്ന സ്വയംഭരണ സ്ഥാപനത്തിന് രൂപം നൽകിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് മാനിഫെസ്റ്റോയിലെ 94-ാമത്തെ വാഗ്ദാനമാണ് ഇതിലുടെ നടപ്പിലാക്കപ്പെടുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ
പി.എസ്.സിക്ക് വിടാത്ത തസ്തികളിലേക്കാണ് ബോർഡ് നിയമനം നടത്തുക. ഭാവിയിൽ മറ്റ് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും സമാനമായ നിയമനങ്ങൾ ഈ ബോർഡിന്റെ പരിധിയിൽ വരും.
തുടക്കം എന്ന നിലയിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള 20 പൊതുമേഖല സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബോർഡിനെ ഏൽപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം 22 പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടർ നിയമനത്തിനുള്ള സെലക്ഷനും ബോർഡിനെ ഏൽപ്പിച്ചിട്ടുണ്ട് . 12 പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടർ തസ്തികയ്ക്കുള്ള സെലക്ഷൻ നടപടികൾ പൂർത്തിയാക്കി. പൊതുമേഖല സ്ഥാപനങ്ങലിലെ ഒരു വർഷത്തിലധികം കാലാവധിയുള്ള കരാർ നിയമനങ്ങളും ബോർഡിന്റെ പരിധിയിൽ വരും.
പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ഈ വർഷം മെയ് മാസത്തിലാണ്. 5 അംഗ ബോർഡാണ് നിലവിൽ വന്നത്. മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി ആണ് ചെയർമാൻ. അംഗങ്ങളായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ വി.രാജീവൻ, കെഎസ്ഇബി മുൻ ചീഫ് എഞ്ചിനീയർ രാധാകൃഷ്ണൻ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി ലിമിറ്റഡ് (കെൽ) ജനറൽ മാനേജർ ലത സി ശേഖർ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ ഷറഫുദ്ദീൻ എന്നിവരേയും നിയമിച്ചു.
റിക്രൂട്ട്മെന്റ് ബോർഡിൻ്റെ വെബ്സൈറ്റ് കഴിഞ്ഞ ആഗസ്റ്റിൽ പ്രകാശനം ചെയ്തു. കേരള പബ്ലിക്ക് എന്റർപ്രൈസസ്(സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന് കീഴിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റാണ് പ്രവർത്തനം ആരംഭിച്ചത്. സാധാരണക്കാർക്കും എളുപ്പം ഉപയോഗിക്കാൻ കഴിയും വിധത്തിൽ തയ്യാറാക്കിയിട്ടുള്ള വെബ്സൈറ്റിൽ സംശയദൂരീകരണത്തിനായി വീഡിയോ ട്യൂട്ടോറിയലും ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടായിരിക്കും അപേക്ഷകൾ സ്വീകരിക്കുക.