എല്ലാ ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകൾ
കേരളത്തിലെ ഐടി ഗവേഷണ-വികസന പദ്ധതികൾക്ക് പുതുവേഗം പകർന്നുകൊണ്ട് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 9 നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടസമുച്ചയം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ടാറ്റ എലക്സിക്ക് കൈമാറി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വ്യവസായ വകുപ്പിന് കീഴിൽ ഒപ്പുവച്ച ആദ്യ ധാരണാപത്രമാണ് ഇതിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. 2021 ജൂൺ 30ന് ധാരണാപത്രം ഒപ്പുവച്ച് കേവലം 10 മാസം കൊണ്ട് ലോകത്തിലെ തന്നെ പ്രമുഖ ഡിസൈൻ, ടെക്നോളജി, സേവനദാതാക്കളായ ടാറ്റ എലക്സി ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം നൽകാൻ സാധിച്ചുവെന്ന അഭിമാനാർഹമായ നേട്ടം കൈവരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച കിൻഫ്രയുടെ മുഴുവൻ ടീമിനേയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിനന്ദിച്ചു.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എലക്സിയുടെ പുതിയ സംരംഭം ആരംഭിക്കുന്നത്. ഇവിടെ ആരംഭിക്കുന്ന 75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിലൂടെ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എലക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കുപ്പെടും. ഐടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിനായി എല്ലാ ഇൻഫ്രാ സ്ട്രക്ചർ സൗകര്യങ്ങളും നൽകുന്ന കെട്ടിടം ‘ഗ്രീൻ ബിൽഡിങ്ങ്’ എന്ന നൂതന ആശയം അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ‘ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം’ എന്ന നയത്തിന് ഇത് കൂടുതൽ ശക്തി പകരുമെന്നും മന്ത്രി സൂചിപ്പിച്ചു.
കേരളത്തിൻ്റെ വ്യാവസായിക പുരോഗതിക്കായി നിരവധി കാര്യങ്ങൾ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയാണ് ഈ സർക്കാരിൻ്റെ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കിൻഫ്രക്കും കെ എസ് ഐ ഡി സിക്കും വ്യവസായ വകുപ്പിനും കീഴിലുള്ള പാർക്കുകൾക്ക് പുറമെ സ്വകാര്യ വ്യവസായ പാർക്ക് എന്ന നയം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ സർക്കാരിന് നിരവധി അപേക്ഷകൾ ലഭിച്ചു. എല്ലാ ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം എത്രയും പെട്ടെന്നുതന്നെ ആരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ തന്നെ എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു സ്വകാര്യ വ്യവസായ പാർക്കിനെങ്കിലും തറക്കല്ലിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, മൊബിലിറ്റി എന്നീ മേഖലകളിൽ ഉപഭോക്താക്കൾക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിനൊപ്പം ജാഗ്വാർ, ലാൻഡ് റോവർ, മെഴ്സിഡസ് ബെൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ വാഹന നിർമ്മാണമേഖലയിലെ പ്രമുഖരുമായി സഹകരിക്കുന്ന ടാറ്റ എലക്സിയുടെ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന യൂണിറ്റ് തിരുവനതപുരത്തേതാണെന്ന് ടാറ്റ എലക്സി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ തങ്കരാജൻ അഭിപ്രായപ്പെട്ടു. അതിന് സംസ്ഥാന സർക്കാരിൻ്റെയും കേരളത്തിലെ ജനങ്ങളുടെയും പിന്തുണയോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് ആഹ്ലാദകരവും അഭിമാനകരവുമായ സന്ദർഭമാണിതെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് കഴക്കൂട്ടം എം എൽ എയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാൻ വ്യവസായികൾക്ക് സാധിക്കുന്ന അന്തരീക്ഷം ഒരുക്കുവാൻ ഒന്നാം പിണറായി സർക്കാരിനും അതിൻ്റെ തുടർച്ചയായി വന്ന രണ്ടാം പിണറായി സർക്കാരിനും സാധിച്ചുവെന്നും ടാറ്റ എലക്സിയുടെ ഈ യൂണിറ്റ് സംസ്ഥാനത്തിനകത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കടന്നുവരുന്നതിനുള്ള ചാലകശക്തിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.