A year and a half, two lakh enterprises; Entrepreneurial year project in historical achievement

ഒന്നര വർഷം, രണ്ട് ലക്ഷം സംരംഭങ്ങൾ; ചരിത്രനേട്ടത്തിൽ സംരംഭകവർഷം പദ്ധതി

ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങി വൻവിജയമായി മാറി വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതി. പദ്ധതി ആരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോൾ തന്നെ 2,01,154 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 12,500 കോടി രൂപയുടെ നിക്ഷേപവും 4,29,337 തൊഴിലും സംസ്ഥാനത്തുണ്ടായി. 2 ലക്ഷം സംരംഭങ്ങളെന്ന ചരിത്രനേട്ടം ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ സം​രംഭവർഷം പദ്ധതിയുടെ തിളക്കത്തിന് മാറ്റ് കൂട്ടുകയാണ് . കേരളത്തിന്റെ ആഭ്യന്തര ഉൽപാദനവും വരുമാനവും വർധിപ്പിക്കുന്നതിനും സംരംഭക വർഷം പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.

വ്യവസായ വകുപ്പിന്റെ കീഴിൽ 2022- ഏപ്രിൽ 1-ന് ആരംഭിച്ച് 2023 മാർച്ച് 31 വരെ നീണ്ടുനിന്ന സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായി നടപ്പു സാമ്പത്തിക വർഷവും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുവാനും അതിനുള്ള സഹായങ്ങൾ നൽകുന്നതിനായി സംരംഭക വർഷം 2.0 നടപ്പിലാക്കിയിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള കണക്കുകളെടുത്താൽ 62,174 സംരംഭങ്ങൾ ആരംഭിച്ചു ഇതിലൂടെ 130,973 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 4145.39 കോടിയുടെ നിക്ഷേപം ആകർഷിക്കാനും കഴിഞ്ഞു. ജില്ലതിരിച്ചുള്ള കണക്കുകളിൽ ഏഴായിരത്തിലധികം സംരംഭങ്ങളുമായി കൊല്ലം, മലപ്പുറം ജില്ലകളാണ് മുന്നിൽ. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ അയ്യായിരത്തിനുമുകളിൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. 19,152 സംരംഭങ്ങൾ വനിതകളുടേതാണ് .

കഴിഞ്ഞ സാമ്പത്തിക വർഷം സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 1,39,840 സംരംഭങ്ങൾ ആരംഭിക്കാനും ഇതിലൂടെ 3,00,051 തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ₹ 8,422.36 കോടിയുടെ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ ഭാഗമായാണ്.