Automotive Technology Summit begins

ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റിന് തുടക്കമായി

ഇലക്ട്രിക് വാഹന വിപണിയിലെ കേരളത്തിന്റെ മുന്നേറ്റം ആ മേഖലയിലെ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടാറ്റയുടെ ഇലക്ട്രിക് കാർ വിപണനത്തിന്റെ 20 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന കണക്ക് ഇലക്ട്രിക് വാഹന വിപണിയിലെ മുന്നേറ്റം കാണിക്കുന്നു. നാലിലൊരു കുടുംബത്തിന് നിലവിൽ കാറുള്ള സംസ്ഥാനമാണ് കേരളം.

തിരുവനന്തപുരത്തെ കേരളത്തിന്റേയും രാജ്യത്തിന്റേയും ഓട്ടോമോട്ടീവ് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും കോൺഫഡറേഷൻ ഓഫ് ഇൻഡസ്ട്രിയും സംയുക്തമായി എക്സ്പോ സംഘടിപ്പിക്കുന്നത്. ഇൻവെസ്റ്റ് കേരള സമ്മിറ്റിന്റെ ഭാഗമായി നിരവധി കോൺക്ലേവുകളും ചർച്ചകളും സംഘടിപ്പിച്ചു. ആദ്യ ജെൻ എഐ കോൺക്ലേവ്, ആയുർവേദം, മാരിടൈം, ഐടി തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകളും പൂർത്തിയായി. ദാവോസിൽ നടത്തിയ സന്ദർശനത്തിൽ 70 ബിസിനസ് ചർച്ചകളാണ് നടത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സാഹചര്യമുള്ള ഇടമായി കേരളം മാറി. ആരോഗ്യം, വിദ്യാഭ്യാസം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ സുസ്ഥിരമായ പ്രകടനത്തോടെ രാജ്യത്ത് ഒന്നാംസ്ഥാനത്താണ് കേരളം തുടരുന്നത്. കേരളത്തിന്റെ നൈപുണ്യശേഷി ഓട്ടോമോട്ടീവ് മേഖലയിൽ ഉപയോഗിക്കാൻ നിക്ഷേപകർക്ക് കഴിയുന്ന സാഹചര്യവും നിലവിലുണ്ട്.

സുരക്ഷിതത്വവും കൃത്യതയും ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയർ സഹായത്തോടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതകൾ സംസ്ഥാനം തിരിച്ചറിയുന്നു. ലോകത്തെ തന്നെ സിമുലേഷൻ ആൻഡ് വാലിഡേഷൻ മേഖലയിൽ ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായ ഡി സ്പേസ്, മുൻനിരവാഹന കമ്പനിയായ ആക്സിയ ടെക്നോളജീസ്, നിസാൻ ഡിജിറ്റൽ, വിസ്റ്റിയോൺ, ടാറ്റ എലക്സി തുടങ്ങിയ നിരവധി കമ്പനികൾ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. ഇലക്ട്രിക് വാഹന നയത്തിനനുസൃതമായി സംസ്ഥാന സർക്കാർ മുന്നോട് പോവുകയാണെന്നും സുരക്ഷിതമായ നിക്ഷേപത്തിനും വ്യവസായ സഹകരണത്തിനും കേരളം ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഏകജാലക സംവിധാനത്തിലൂടെ നടപടിക ക്രമങ്ങളിൽ വേഗതയും വ്യവസായ, നിക്ഷേപ സൗഹൃദ സാഹചര്യവും സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി റവന്യൂ മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. വ്യവസായത്തിന് അനുയോജ്യമായ പരിസ്ഥിതി സൗഹൃദ ഇക്കോസിസ്റ്റം രൂപപ്പെടുത്തി കഴിഞ്ഞു. ഭാവിയിൽ ഗതാഗത മേഖലയിൽ സാങ്കേതിക വിദ്യയുടെ സാഹചര്യം തിരിച്ചറിഞ്ഞ്, മാലിന്യമുക്തവും സുസ്ഥിരവുമായ വാഹനങ്ങൾ നിർമിക്കാൻ ഓട്ടോമേറ്റീവ് ടെക്നോളജിയിലൂടെ സാധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.