ഓർത്തൊനേക്സ ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പുതിയ മാനുഫാക്ചറിങ്ങ് പ്ലാൻ്റിന് തറക്കല്ലിട്ടു
തിരുവനന്തപുരം തോന്നക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ഓർത്തൊനേക്സ ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പുതിയ മാനുഫാക്ചറിങ്ങ് പ്ലാൻ്റിന് തറക്കല്ലിട്ട വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ത്രീ ഡി പ്രിൻ്റിങ്ങ് സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് യൂറോപ്യൻ സ്റ്റാൻ്റേർഡോഡ് കൂടിയ ഉപകരണങ്ങളാണിവിടെ നിർമ്മിക്കാൻ പോകുന്നത്. ചുരുങ്ങിയത് 300 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന കമ്പനി 8 മാസം കൊണ്ട് പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിലെ ആകെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് വ്യവസായത്തിൻ്റെ 24% വിറ്റുവരവ് ഇന്ത്യയുടെ 1.18% ഭൂവിസ്തൃതി മാത്രമുള്ള നമ്മുടെ കേരളത്തിൽ നിന്നാണ്. 70ലധികം മെഡിക്കൽ ഉപകരണ നിർമ്മാണ യൂണിറ്റുകൾ.. 11 ജില്ലകളിലായി 10 പ്രീമിയം അക്കാദമിക് സ്ഥാപനങ്ങൾ.. 57ലധികം റിസേർച്ച് സ്ഥാപനങ്ങൾ.രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കൂടുതൽ കമ്പനികൾ കേരളത്തിലേക്കെത്തുകയാണ്. കേരളം മുൻഗണനാ വ്യവസായ മേഖലയായി കാണുന്ന മെഡിക്കൽ ഡിവൈസ് മേഖലയിൽ കൃത്യമായ മുന്നേറ്റം കൊണ്ടുവരാൻ സർക്കാരിന് സാധിക്കുകയാണ്.