New technologies should be used, including in the field of pottery making.

കളിമൺ പാത്ര നിർമാണ മേഖലയിലടക്കം നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം

പുതിയ കാലത്തിനനുസരിച്ച് കളിമൺ പാത്ര നിർമാണ മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കളിമൺപാത്ര നിർമാണ വിപണന മേഖലയുടെ ഭാവി സാധ്യതകൾ എന്ന വിഷയത്തിൽ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കോവിഡിന് ശേഷം പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. സ്വാഭാവികമായി വിപണി ആവശ്യങ്ങൾക്കൊപ്പം നിർമിതിയുടെ രൂപം, ഭംഗി എന്നിവയിലൂടെ ഉപഭോക്താവിനാവശ്യമായ രീതിയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയണം. കളിമൺ എടുക്കുന്നതിൽ നിലവിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ 50 ടൺ വരെ കളിമണ്ണ് എടുക്കുന്നതിന് അനുമതി നൽകുന്നുണ്ട്. കളിമൺ പാത്ര നിർമാണ തൊഴിലാളികളുടെ താമസ സ്ഥലത്തിന് ഉടമസ്ഥാവകാശമില്ലാത്തവർക്ക് നിയമപരമായി അത് ലഭിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനമടക്കം ഉപയോഗിച്ച് വിപണി സാധ്യതകൾ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കളിമൺ പാത്ര നിർമാണ തൊഴിൽ മേഖലയെ വിപുലീകരിച്ച് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്ലാസ്സിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി സൗഹൃദ നിർമിതി എന്ന നിലയിൽ കളിമൺ പാത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തൊഴിലാളികൾ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത് സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ തനത് കളിമൺപാത്ര നിർമ്മാണ കലയെ സംരക്ഷിക്കുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ജന പ്രതിനിധികൾ, വ്യവസായ വിദഗ്ദ്ധർ, അക്കാദമിക് വിദഗ്ദ്ധർ, പാരമ്പര്യ തൊഴിൽ സംരക്ഷകർ, തൊഴിലാളി പ്രതിനിധികൾ, കളിമൺപാത്ര നിർമ്മാതാക്കൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.