കെ-സിസ്
പ്രൊഫഷണലായ രീതിയിൽ വ്യവസായ വകുപ്പ് അതിവേഗം മാറുന്നതിന്റെ പ്രധാന ഉദാഹരണങ്ങളിലൊന്നാണ് കെ-സിസ് എന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനം. മുൻകാലങ്ങളിൽ വ്യവസായ യൂണിറ്റുകളിൽ ഉണ്ടാവാറുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സ്വന്തം നിലയിലുള്ള ഇടപെടലുകൾ കെ-സിസ് സംവിധാനം നിലവിൽ വന്നതോടെ ഇല്ലാതായി. 25000 പരിശോധനകൾ കടന്ന് മുന്നേറുന്ന കെ-സിസ് സംവിധാനത്തെക്കുറിച്ച് പരാതികളില്ലെന്ന് മാത്രമല്ല അനാവശ്യ പരിശോധനകളുണ്ടാകുമെന്ന ഭയവും സംരംഭകർക്ക് ഇല്ലാതായിരിക്കുന്നു.
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഇപ്പോൾ ഈ സംവിധാനത്തിന് കീഴിലാണ്. പരിശോധനയുടെ ഷെഡ്യൂളും വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ഇതിന് പുറമെ പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെയും പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ് അല്ലെങ്കിൽ ഇമെയില്‍ മുഖേന അറിയിപ്പ് നൽകിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. തീർത്തും ഓൺലൈനായിട്ടാണ് നടപടിക്രമങ്ങൾ എന്നതിനാൽ ഏതെങ്കിലും രീതിയിൽ പക്ഷപാതപരമായിട്ടുള്ള പരിശോധനകളോ നടപടികളോ ഉണ്ടാകുന്നുമില്ല. അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള കെ-സിസ് സംവിധാനത്തിൻ്റെ വരവോടെ കാലങ്ങളായി കേട്ടുകൊണ്ടിരുന്ന അനാവശ്യപരിശോധനകളെന്ന പരാതി തന്നെ ഇല്ലാതായിരിക്കുകയാണ്.
