കേരളത്തിലെ വ്യവസായ സംരംഭങ്ങൾക്ക് അംഗീകാര പത്രം നൽകുന്ന ഓൺലൈൻ ഏകജാലക സംവിധാനമാണ് കെ-സ്വിഫ്റ്റ്. ഒരു സംരംഭം തുടങ്ങുന്നതിന് വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമാണ്. ഇതിനായി സംരംഭകര്ക്ക് വിവിധ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നിരുന്നു. വ്യവസായ വകുപ്പ് കെ-സ്വിഫ്റ്റ് ഏകജാലക സംവിധാനം നടപ്പാക്കിയതോടെ സംരംഭകന് കേരളത്തിൽ സുഗമമായി സ്ഥാപനം ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നു.
സംസ്ഥാന, ജില്ല, വ്യവസായ പാർക്ക് തലങ്ങളിൽ ഏകജാലക ക്ലിയറൻസ് ബോർഡുകൾ രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി സംരഭകത്വ പ്രോത്സാഹന സഹായ സെൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്നു. അഗ്നിശമനസേന, തൊഴിൽ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വൈദ്യുതി, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, ഭൂഗർഭജലം, മലിനീകരണ നിയന്ത്രണ ബോർഡ്, വനം, നഗരാസൂത്രണം, ഖനനം-ഭൂമിശാസ്ത്രം, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് തുടങ്ങി വകുപ്പുകളുടെ സേവനമാണ് സംരംഭകന് കെ-സ്വിഫ്റ്റ് വഴി നൽകി വരുന്നത്.
kswift.kerala.gov.in എന്ന വെബ്സൈറ്റിൽ സംരംഭകർക്ക് സ്വന്തമായി ലോഗിൻ ഐഡി ഉണ്ടാക്കി സർട്ടിഫിക്കറ്റുകളും രേഖകളും മറ്റും അപ്ലോഡ് ചെയ്ത് വിവിധ വകുപ്പുകളുടെ അനുമതി നേടാവുന്നതാണ്.
സൂക്ഷ്മ – ചെറുകിട- ഇടത്തരം സംരംഭങ്ങൾ എന്ന വിഭാഗത്തിന്റെ നിക്ഷേപ പരിധി 10 കോടിയിൽ നിന്നും 50 കോടി ആയി ഉയർത്തിയതിനെ തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി കെ-സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് തയ്യാറാക്കി. നേരത്തെ 10 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽപെടാത്തതുമായ സംരംഭങ്ങൾക്കാണ് കെ-സ്വിഫ്റ്റ് വഴി അംഗീകാര പത്രം നൽകിയിരുന്നത്.
ഏകദേശം 17,500 ൽ കൂടുതൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ പോർട്ടൽ വഴി അംഗീകാര പത്രം നേടിയിട്ടുണ്ട്. 4,300 കോടിയലധികം നിക്ഷേപവും കേരളത്തിൽ ഇതുവഴി ലഭിച്ചു. ഇത് കൂടാതെ 1,836 വ്യവസായ സംരംഭങ്ങൾക്ക് വിവിധ വകുപ്പുകളിൽനിന്നുമുള്ള അനുമതികൾ ലഭ്യമാക്കുന്നതിന് ഇതുവരെ കെ സ്വിഫ്റ്റ് മുഖേനെ സാധിച്ചിട്ടുണ്ട്.
ഇപ്പോൾ നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന ഒന്നായി മാറ്റുന്നതിൽ കെ-സ്വിഫ്റ്റ് വഹിക്കുന്ന പങ്ക് ചെറുതല്ല.