Kerala Foodtech Conclave 2024

കേരള ഫുഡ്ടെക് കോൺക്ലേവ് 2024

കെഎസ്ഐഡിസി കൊച്ചിയിൽ ഭക്ഷ്യസംസ്ക്കരണ-സാങ്കേതിക മേഖലയ്ക്കായുള്ള കേരള ഫുഡ്ടെക് കോൺക്ലേവ് 2024 സംഘടിപ്പിച്ചു. വൻകിട ഉത്പാദന വ്യവസായത്തിൽ കേരളത്തിന് അവസരങ്ങൾ ഇല്ലെന്ന യാഥാർത്ഥ്യം അംഗീകരിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നമ്മുടെ നാട്ടുകാർക്ക് പരമാവധി തൊഴിലവസരം നൽകുകയെന്നതാണ് സർക്കാരിൻറെ മുൻഗണന. അതിനാൽ തന്നെയാണ് ഭക്ഷ്യസംസ്ക്കരണ-സാങ്കേതിക മേഖലയിൽ എംഎസ്എംഇകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നത്.

ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായമന്നതാണ് സർക്കാരിൻറെ നയം. സംരംഭകരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന രീതിയിലേക്ക് വ്യവസായവകുപ്പ് സ്വയം പരിവർത്തനം ചെയ്തു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടു വന്നിട്ടുണ്ട്. ഇതെക്കുറിച്ച് സംരംഭകർക്കിടയിൽ അവബോധം ഉണ്ടാകണം.
എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി സർക്കാർ ആവിഷ്കരിച്ചിരുന്നു. ഏത് ഇൻഷുറൻസ് കമ്പനിയിൽ നിന്നും സംരംഭങ്ങൾക്ക് പദ്ധതിയിൽ ചേരാം. പ്രീമിയത്തിൻറെ പകുതി സർക്കാർ അടയ്ക്കുന്ന വിധത്തിലാണ് ഇതിൻറെ സംവിധാനം.

വ്യവസായങ്ങൾക്ക ആവശ്യമായ നൈപുണ്യ ശേഷിയുള്ള തൊഴിലാളികളാണ് ഇന്ന് ആവശ്യം. അതിനു വേണ്ടിയാണ് കാമ്പസ് വ്യവസായപാർക്കുകൾ ആരംഭിക്കാൻ പോകുന്നത്. ഇതിനു പുറമെ 27 സ്വകാര്യ വ്യവസായപാർക്കുകൾക്കും അനുമതി നൽകിയിട്ടുണ്ട്. സംരംഭക വർഷം പദ്ധതി പ്രകാരം 2,75,000 സംരംഭങ്ങളാണ് തുടങ്ങിയത്.

നിക്ഷേപക സംഗമങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഗൗരവമായാണ് സർക്കാർ കാണുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന നിക്ഷേപക സംഗമം കോടികളുടെ സ്ഥിതിവിവരക്കണക്കുകളേക്കാൾ പദ്ധതികൾ നടപ്പാക്കുമെന്നതിൻറെ ഉറപ്പായിരിക്കും.

സൂക്ഷ്മ ഭക്ഷ്യസംസ്ക്കര യൂണിറ്റുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ ലക്ഷ്യത്തിനപ്പുറത്തേക്ക് കേരളം പോയിട്ടുണ്ട്. 2500 യൂണിറ്റുകളെന്നതിനപ്പുറം 2548 യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.

എംഎസ്എംഇകൾക്ക് നൽകുന്ന വിവിധ പദ്ധതികളെക്കുറിച്ചും സഹായങ്ങളെക്കുറിച്ചും കെഎസ്ഐഡിസി എംഡിയും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോർ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു.

ഭക്ഷ്യസംസ്ക്കരണത്തിലെ സുസ്ഥിര ശീലങ്ങളും നൂതനത്വവും എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. ഏറ്റവുമധികം നൂതനത്വത്തിന് സാധ്യതയുള്ള മേഖലയാണ് ഭക്ഷ്യസംസ്ക്കരണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.