കേരള ബ്രാൻ്റിന് തുടക്കം കുറിച്ചു
കേരളത്തിലെ സംരംഭക ലോകത്തിനാകെ പുത്തനുണർവ്വ് നൽകുന്ന കേരള ബ്രാൻ്റിന് തുടക്കം കുറിച്ചു. ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ബ്രാൻ്റ് നെയിം ആയി കേരളം മാറാൻ പോകുന്നതിൻ്റെ തുടക്കമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതിൻ്റെ ഭാഗമായി ആദ്യപടിയെന്ന നിലയിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 6 വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്ക് കേരള ബ്രാൻ്റ് ലൈസൻസുകൾ നൽകി.
പൂർണമായും കേരളത്തിൽ നിന്നും സംഭരിക്കുന്ന നാളികേരം/ കൊപ്ര മാത്രം ഉപയോഗിച്ച് കൊണ്ട്, കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ഗുണമേന്മയുള്ള 6 വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കാണ് കേരള ബ്രാൻ്റ് ലൈസൻസുകൾ കൈമാറിയത്. വെളിച്ചെണ്ണ വിപണിയിൽ അംഗീകൃതമായ AGMARK, BIS 542:2018, എന്നീ സെർറ്റിഫിക്കേഷനുകളിൽ ഏതെങ്കിലും ഒരു സെർറ്റിഫിക്കേഷൻ ഉള്ളതും UDYAM റെജിസ്ട്രേഷൻ എടുത്തിട്ടുള്ള കേരളത്തിലെ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളെയാണ് പരിഗണിക്കുന്നത്. ഈ വ്യവസ്ഥകൾക്ക് പുറമെ കേരള ബ്രാൻഡിന് അപേക്ഷിക്കുന്ന എല്ലാ യൂണിറ്റുകളും കേരള ബ്രാൻഡിന് കീഴിൽ വിഭാവനം ചെയ്തിട്ടുള്ള ഗുണനിലവാരം, ധാർമ്മികത, ഉത്തരവാദിത്ത വ്യവസായ സമ്പ്രദായങ്ങൾ എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നവ ആയിരിക്കണം.
ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന, താലൂക് തല സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 6 വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾക്കാണ് കേരള ബ്രാൻഡ് നൽകുന്നത്.
– MRL Kuttanadan Coconut Oil, Alappuzha
– Kedison Expellers, Kottayam
– Varappetty Coconut Oil, Ernakulam
– KM Oil Industries, Kannur
– Sahakari Integrated Coconut Processing Unit, Kannur
– Kallatra Oil Mills, Kasaragod
ലോകമാകെ ‘product of kerala’ എന്നത് ഗുണമേന്മയുള്ളതും ഉത്തരവാദിത്ത വ്യവസായമെന്ന നവീനകാലത്തോട് ചേർന്നുനിൽക്കുന്ന കാഴ്ചപ്പാടിലൂടെ പുറത്തിറക്കുന്നതുമായ ഉൽപ്പന്നങ്ങളുടെ ബ്രാൻ്റാണെന്ന് മനസിലാക്കി ആളുകൾ ഈ ബ്രാൻ്റിലുള്ള ഉൽപ്പന്നങ്ങളിലേക്ക് തിരിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്