കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി – അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ടെൻഡർ വിളിച്ചു
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് നിങ്ങളുമായി പങ്കുവെക്കുകയാണ്. ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട് സ്മാർട് സിറ്റിയുടെ ഭാഗമായുള്ള പുതുശ്ശേരി സെൻട്രലിലേയും കണ്ണമ്പ്രയിലേയും . നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ആദ്യ ഘട്ട പാക്കേജിന് 1100 കോടി രൂപയാണ് എസ്റ്റിമേറ്റ് കണ്ടിരിക്കുന്നത്. 1400 ഏക്കർ ഭൂമിയിലെ വികസനപ്രവർത്തനങ്ങൾക്കാണ് ഈ ചെലവ് കണക്കാക്കിയിരിക്കുന്നത്.
രൂപകൽപന മുതൽ നിർമാണവും മെയിന്റനൻസും ഉൾപ്പെടെയുള്ള എല്ലാ മേഖലകളും ചേർന്ന ഇപിസി (എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (ഐസിസിസി) കെട്ടിടം, ലാൻഡ് സ്കേപ്, ഐസിടി എന്നിവയ്ക്കുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.
പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡുകൾ, ഡ്രെയ്നേജുകൾ, പാലങ്ങൾ, ജലവിതരണ ശൃംഖല, അഗ്നിശമന മാർഗങ്ങൾ, ജലപുനരുപയോഗ സംവിധാനങ്ങൾ, സീവറേജ് ലൈനുകൾ, ഊർജ്ജവിതരണ സംവിധാനങ്ങൾ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങൾ, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യവികസനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ മാസ്റ്റർപ്ലാനും ഡിപിആറും തയ്യാറായിക്കഴിഞ്ഞു. പദ്ധതി നടത്തിപ്പിനായി 50:50 ഇക്വിറ്റി പങ്കാളിത്തത്തോടെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) കേരള സർക്കാരും ചേർന്ന് രൂപംകൊടുത്ത കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി) എന്ന സ്പെഷ്യൽ പർപസ് കമ്പനിയാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി 1789.92 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുക. പദ്ധതിപ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1789.92 കോടി രൂപ കേന്ദ്രസർക്കാർ ചെലവഴിക്കും.