കൺട്രോൾ ആൻ്റ് ഇൻസ്ട്രുമെൻ്റേഷൻ മേഖലയിൽ കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു
കെൽട്രോണും നോർവേ കമ്പനി എൽടോർക്കുമായി ധാരണാപത്രം ഒപ്പിട്ടു
കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോണും, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്ക് – മായി ധാരണാപത്രം ഒപ്പിട്ടു. കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹെർമൻ ക്ലങ്സോയറും തമ്മിൽ സഹകരണപത്രം കൈമാറിയത്.
കഴിഞ്ഞ 40 വർഷത്തോളമായി ഒ.എൻ.ജി.സി, ഭെൽ, എൽ&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിച്ച് നൽകിവരുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എഞ്ചിനീയറിംഗ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്, കമ്മിഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നുണ്ട്. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ നിർമ്മിക്കുന്നതിന് കെൽട്രോണിന് സാധിക്കും.
1980 കളിൽ തന്നെ രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലേക്കും വ്യവസായശാലകളിലേക്കും കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങളും, ന്യൂമാറ്റിക് ആക്ചുവേറ്ററുകളും, കെൽട്രോൺ കൺട്രോൾസിൽ നിന്നും നിർമ്മിച്ചു നൽകിയിരുന്നു. വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചു നൽകിയിട്ടുള്ള സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നുള്ളത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണ്.