Investors meeting was held in Chennai

ചെന്നൈയിൽ നിക്ഷേപകരുടെ കൂടിക്കാഴ്ച നടന്നു

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനും (കെഎസ്ഐഡിസി) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) സംയുക്തമായി ചെന്നൈയിൽ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച സംഘടിപ്പിച്ചു.
കേരളത്തിൽ പൊതുവെ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളത്. കേരളത്തിലെ വ്യവസായരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവാണ്. അതിനുള്ള കാരണം ഇവിടുത്തെ ഉയർന്ന ജനസാന്ദ്രതയാണ്. ഈ പ്രശ്ന പരിഹരിക്കുന്നതിനും വിവിധ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ പുതുതായി കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

ഭൂമി ലഭ്യതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാവസായിക സൗഹൃദ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. സ്വകാര്യ വ്യവസായ പാർക്കുകളും കാമ്പസ് വ്യവസായ പാർക്കുകളും പ്രോത്സാഹിപ്പിക്കുന്നത് ഇതിൻറെ ഭാഗമാണ്. ലാൻഡ് അലോട്ട്മെൻറ് നയത്തിലെ ഭേദഗതി അനുസരിച്ച് കുറഞ്ഞത് 10 ഏക്കർ വ്യാവസായിക ഭൂമി ആവശ്യമുള്ള പദ്ധതികൾക്ക് 60 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ നല്കാനുമാകും.

ഓരോ പ്രദേശത്തേയും ഭൂമി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന ലാൻഡ് പൂളിംഗ് പോളിസിയും വലിയ ചുവടുവയ്പ്പാണ്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥല ഉടമകളുടെ സമ്മതപ്രകാരം ഭൂമി നല്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിലൂടെ സാധിക്കും. വ്യവസായങ്ങൾ തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനുമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാണ്.

ഇരു സംസ്ഥാനങ്ങളുടെയും വ്യാവസായിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സഹായകമാകും. 20 കി.മീ പരിധിയിൽ ലോജിസ്റ്റിക് പാർക്കുകൾ തുറക്കാനുള്ള പദ്ധതിയും സർക്കാരിനുണ്ട്. റേറ്റിംഗ് ഏജൻസികളുടെ മൂല്യനിർണ്ണയം അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിനുണ്ട്. ഐടി സ്ഥാപനങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാണ്.

വ്യവസായ ലൈസൻസുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന സംരംഭങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷവും മൂന്ന് മാസവും കൊണ്ട് 2.65 ലക്ഷം എംഎസ്എംഇകൾ രജിസ്റ്റർ ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഉത്തരവാദിത്ത നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നതാണ് സംസ്ഥാനത്തിൻറെ നയം.