10.50 crore sanctioned for mills in Texta; 5 spinning mills will be opened soon

ടെക്സ്റ്റയിൽ മില്ലുകൾക്ക് 10.50 കോടി അനുവദിച്ചു ; 5 സ്പിന്നിങ് മില്ലുകൾ ഉടൻ തുറക്കും

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്‌സ്റ്റൈൽ മില്ലുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും. ടെക്സ്റ്റയിൽ കോർപ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മിൽസ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്‌സ്‌റ്റൈൽസ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയിൽസ് എന്നിവയും തൃശൂർ ജില്ലയിലെ സീതാറാം ടെക്സ്റ്റയിൽ സ് സഹകരണ മേഖലയിൽ ടെക്സ്ഫെഡിന് കീഴിലുള്ള തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലുമാണ് വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള മറ്റു മില്ലുകളുടെ തുടർപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയും. പൊതുമേഖലയുടെയും സഹകരണ മേഖലയുടെയും സംരക്ഷണം സർക്കാരിന്റെ പ്രഖ്യാപിത നയമാണ്.

മിൽ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് മില്ലുകൾക്ക് ആദ്യഘട്ട പ്രവർത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചത്. ഓണത്തിന് മുമ്പ് മില്ലുകളുടെ പ്രവർത്തനം പുനരാരംഭിക്കും. താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകൾ മാസ്റ്റർ പ്ലാൻ വഴി ഘട്ടം ഘട്ടമായി നവീകരിക്കും. വിപണിയിലെ പ്രതിസന്ധികൾ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തുമ്പോഴും സംസ്ഥാന ടെക്സ്റ്റൈൽ മേഖലയെ കേരള സർക്കാർ സംരക്ഷിക്കുകയാണ്. ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യവും നൂലുല്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം വിപണിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മില്ലുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. അസംസ്‌കൃത
വസ്തുവിന്റെ വിലവർദ്ധനവും ഉയർന്ന വൈദുതിനിരക്കും ഉൽപ്പാദനച്ചിലവ് കൂടി. വിപണി മാന്ദ്യം മൂലം ഉൽപ്പന്നത്തിന് മികച്ച വില ലഭിക്കാത്തതും ഉൽപ്പാദനചിലവിനു ആനുപാതികമായി വിലവർധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിപണിനഷ്ടവും മില്ലുകളുടെ ധനസ്ഥിതി മോശമാക്കി. ഇതിനെത്തുടർന്നാണ് പ്രഭുറാം മിൽസ്, എടരിക്കോട് ടെക്സ്റ്റയിൽസ്, കോട്ടയം ടെക്സ്റ്റയിൽസ്, സീതാറാം ടെക്സ്റ്റയിൽസ്, തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ് എന്നീ സ്പിന്നിങ് മില്ലുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചത്. സർക്കാർ സഹായം ലഭിച്ചതിനാൽ ഉടൻ തന്നെ മില്ലുകളുടെ പ്രവർത്തനം പുനരാരംഭിക്കും.