There should be more investment in the textile sector.

ടെക്സ്റ്റൈൽ മേഖലയിൽ കൂടുതൽ നിക്ഷേപമുണ്ടാകണം

കേരളത്തിലെ ടെക്സ്റ്റൈൽ, കൈത്തറി മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി സർക്കാർ ഒപ്പമുണ്ടെന്നും വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ടെക്സ്റ്റൈൽ കോൺക്ലേവ് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് ഒന്നാം റാങ്കാണ് കേരളത്തിന്. ഈ ബിസിനസ് അവസരം ടെക്സ്റ്റൈൽ വ്യവസായ സംരംഭങ്ങൾ ഉപയോഗപ്പെടുത്തണം. ടെക്‌സ്‌റ്റൈൽ ഹാൻഡ്‌ലൂം ഉൽപ്പന്നങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണം. മനുഷ്യന്റെ ഇന്നത്തെ അഭിരുചികൾ മനസിലാക്കി ഉൽപ്പന്നങ്ങൾ നിർമ്മിക്കപ്പെടണം. നൂതന ആശയങ്ങളിലൂടെ മേഖലയിൽ ആവശ്യമായ ഉണർവ് നൽകാനാകണമെന്നും മന്ത്രി പറഞ്ഞു.

കേരളം ഹൈടെക്ക് നിർമ്മാണങ്ങളുടെയും വിജ്ഞാനപ്രവർത്തനങ്ങളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങൾ മുതൽ ചിപ്പ് വരെ നമ്മുടെ സംസ്ഥാനത്ത് നിന്നും നിർമ്മിക്കുന്ന സ്ഥിതിയാണ് വരും വർഷങ്ങളിൽ ഉണ്ടാകുന്നത്. ലോകത്തിലെ പ്രമുഖ കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിനും സംരംഭങ്ങൾ തുടങ്ങുന്നതിനുമായി താൽപ്പര്യം പ്രകടിപ്പിച്ച് വരുന്നുണ്ട്. ടെക്സ്റ്റൈൽ മേഖലയുടെ പുരോഗമനത്തിനായി പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി, വിഴിഞ്ഞം പോർട്ട് എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ടെക്സ്റ്റൈൽ, പരമ്പരാഗത കൈത്തറി മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ കൂടുതലായി നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സംസ്ഥാനത്തെ സംരംഭസൗഹൃദ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 21നും 22നും കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സമ്മിറ്റിന് മുന്നോടിയായി സംസ്ഥാനത്തെ ടെക്സ്റ്റൈൽ മേഖലയുടെ ഉന്നമനത്തിനും സംരംഭക പ്രോത്സാഹനത്തിനും ലക്ഷ്യമിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റും സംയുക്തമായിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കേരളത്തിലുള്ള ടെക്സ്റ്റൈൽ, ഹാൻഡ്‌ലൂം, പവർലും, വസ്ത്രങ്ങളുടെ കയറ്റുമതിയുള്ള വ്യാപാരികൾ ഉൾപ്പടെ നൂറോളം സംരംഭകർ കോൺക്ലേവിൽ പങ്കെടുത്ത് മന്ത്രിയുമായി ആശയവിനിമയം നടത്തി.