Accumulated operating profit of public sector undertakings is 134.56 crores

മികച്ച പ്രകടനവുമായി സംസ്ഥാന പൊതുമേഖല; ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 24 ആയി വർധിച്ചു

പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു. പൊതു മേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി രൂപയായി വർധിക്കുകയും ചെയ്തു. തൊട്ടു മുൻപുള്ള സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ലാഭത്തിലേക്ക് മുന്നേറിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വാർഷിക വിറ്റുവരവിലും വർധനയുണ്ടായി. 4419 കോടിയിൽ നിന്ന് 5119.18 കോടിയായി വിറ്റുവരവ് വർധിച്ചു. 15.82% യാണ് വർധന. വ്യവസായ വകുപ്പിന് കീഴിലുള്ള 48 പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും മികച്ച ലാഭം നേടി. കിൻഫ്ര 88.41 കോടി രൂപയുടെ വരുമാനവും 7.19 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി. കെ.എസ്.ഐ.ഡി.സി വായ്പ / ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭവും നേടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും അവയെ സ്വയം പര്യാപ്തമാക്കാനും സർക്കാർ നടത്തിയ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് മികച്ച പ്രകടനത്തിന് ആധാരമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

രൂപീകരണത്തിൻ്റെ 50 വർഷം പിന്നിടുന്ന കെൽട്രോൺ ചരിത്രത്തിലാദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ഏറ്റവുമധികം പ്രവർത്ത ലാഭമുണ്ടാക്കിയത് ചവറ കെ.എം.എം.എൽ ആണ്; 107. 67 കോടി രൂപ. കെൽട്രോൺ 50.54 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. ടെൽക്ക്, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ്, കെ. എസ്.ഐ. ഇ, കെൽട്രോൺ കംപോണൻ്റ്സ്, സ്റ്റീൽ ആൻ്റ് ഇൻ്റസ്ട്രിയൽ ഫോർജിംഗ്സ്, കയർ കോർപ്പറേഷൻ, ടി. സി. സി, കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എഞ്ചിനീയറിംഗ്, സ്റ്റീൽ ഇൻഡസ്ട്രീസ്, ക്ലേയ്സ് ആൻ്റ് സിറാമിക്സ്, കെ.എസ്.ഡി.പി, ആർട്ടിസാൻസ് ഡവലപ്മെൻ്റ് കോർപ്പറേഷൻ, എഫ്. ഐ.ടി, കാഷ്യൂ ബോർഡ്, ഫോം മാറ്റിംഗ്സ്, മെറ്റൽ ഇൻഡസ്ട്രീസ്, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ്, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നീ സ്ഥാപനങ്ങളും ലാഭമുണ്ടാക്കി. ഇതിൽ ടി.സി.സി, കെൽ, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി എന്നീ സ്ഥാപനങ്ങൾ നഷ്ടത്തിൽ നിന്നാണ് ലാഭത്തിലേക്ക് എത്തിയത്. 32 കമ്പനികളുടെ വാർഷിക വിറ്റു വരവിൽ വർധന രേഖപ്പെടുത്തി. പ്രവർത്തന ലാഭത്തിലേക്ക് എത്താതിരുന്ന മറ്റ് എല്ലാ സ്ഥാപനങ്ങളുടേയും നഷ്ടം ഗണ്യമായി കുറക്കാനും കഴിഞ്ഞു. കേന്ദ്രസർക്കാർ അടച്ചുപൂട്ടിയതിനെ തുടർന്ന് കേരളം ഏറ്റെടുത്ത വെള്ളൂർ കെ.പി.പി. എലിൻ്റെ നഷ്ടം 17.31 കോടിയിൽ നിന്ന് 2.26 കോടിയായി കുറഞ്ഞു.

വിവിധ മേഖലകളിലെ കമ്പനികളുടെ പ്രകടനത്തിലും മികവ് പ്രതിഫലിച്ചു. ഇലക്ട്രോണിക്സ് മേഖലയിലെ കമ്പനികളുടെ പ്രവത്തന ലാഭം 48.11 കോടിയിൽ നിന്ന് 70. 99 കോടിയായി ഉയർന്നു. ഇലക്ട്രിക്കൽ മേഖലയിൽ മുൻവർഷത്തെ 1.86 കോടിയുടെ നഷ്ടം നികത്തി 17.79 കോടി ലാഭം രേഖപ്പെടുത്തി. ഇൻഫ്രാസ്ട്രക്ചർ മേഖല 13.42 കോടി(മുൻ വർഷം 8.92), സിറാമിക്സ് മേഖല – 3.43 കോടി (മുൻ വർഷം 2.06 കോടി നഷ്ടം), കയർ മേഖല -3.39 കോടി (മുൻ വർഷം 6.05 കോടി നഷ്ടം), എഞ്ചിനീയറിംഗ് മേഖല – 32 ലക്ഷം (മുൻവർഷം 9.01 കോടി നഷ്ടം) എന്നിങ്ങനെ ലാഭം രേഖപ്പെടുത്തി.

ബിസിനസ് പ്ളാൻ, ധാരണാപത്രം എന്നിവ ആവിഷ്കരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രൊഫഷണലായി പരിവർത്തനം ചെയ്തതുൾപ്പെടെ സർക്കാർ സ്വീകരിച്ച നടപടികൾ മികച്ച പ്രകടനത്തിന് അടിസ്ഥാനമായെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മേൽനോട്ട സംവിധാനങ്ങളും കൃത്യമായ വിലയിരുത്തലും ശക്തിപ്പെടുത്തി. പരിശീലന പരിപാടികൾ നടപ്പാക്കി. എം.ഡി മാരുടേയും ജീവനക്കാരുടേയും നിയമനം റിക്രൂട്ട്മെൻ്റ് ബോർഡ് മുഖേനയാക്കി. ഉൽപന്നങ്ങളുടെ വിൽപനക്ക് കെ. ഷോപ്പി ഫ്ളാറ്റ് ഫോം ആവിഷ്കരിച്ചു. വൈദ്യുതി കുടിശിക എഴുതിത്തള്ളുകയും മറ്റ് പിന്തുണാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇവയെല്ലാം ചേർന്ന് സംസ്ഥാന പൊതുമേഖലയെ ശക്തിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.