യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസേർച്ചിൽ നിന്ന് പുതിയ ഓർഡർ
സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻ്റ് ഇൻ്റസ്ട്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡിന് ജനീവ ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസേർച്ചിൽ നിന്ന് പുതിയ ഓർഡർ ലഭിച്ച സന്തോഷം പങ്കുവെക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ അംഗമായിട്ടുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസേർച്ചിൽ നിന്ന് ആദ്യമായാണ് കേരളത്തിൽ നിന്നുള്ള സ്ഥാപനത്തിന് ന്യൂക്ലിയർ പ്രൊജക്റ്റിനാവശ്യമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിക്കുന്നത്. ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിനും ഇന്ത്യൻ നേവിയുടെ അന്തർവാഹിനിക്കും ആവശ്യമായ വിവിധ ഫോർജിങ്ങുകൾ സ്ഥാപനം വികസിപ്പിച്ചുനൽകിവരുന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ വെണ്ടർ അപ്രൂവൽ ലഭിച്ചത്. നിലവിൽ അമേരിക്ക, ഖത്തർ, തുർക്കി, സൗദി അറേബ്യ, പോളണ്ട്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന എസ്.ഐ.എഫ്.എലിന് കൂടുതൽ ഓർഡറുകൾ ലഭിക്കാനും ഈ നേട്ടം സഹായകമാകും.