രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെൻ എഐ കോൺക്ലേവ്
രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെൻ എഐ കോൺക്ലേവ് (International GenAI Conclave) കേരളത്തിൽ. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ലോകോത്തര കമ്പനിയായ ഐബിഎം ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ വച്ച് നടത്തുന്ന കോൺക്ലേവിൽ 1000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രാജ്യത്തെ പ്രധാന ഹബ്ബായി മാറാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ പരിപാടി ആക്കം നൽകും.
കോൺക്ലേവിനു മുന്നോടിയായി ഐബിഎം ഇന്ത്യ സീനിയർ ടെക്നിക്കൽ സ്റ്റാഫ് അംഗവും നിർമ്മിത ബുദ്ധി സോഫ്റ്റ് വെയർ രംഗത്തെ പ്രഗത്ഭരുമായ ശ്രീനിവാസൻ മുത്തുസാമി പങ്കെടുത്ത ടെക് ടോക്കുകൾ കേരളത്തിലെ പ്രധാനച്ചെട്ട 3 ഐടി പാർക്കുകളിലും സംഘടിച്ചിരുന്നു. കോൺക്ലേവിനോട് അനുബന്ധിച്ച് ഐബിഎം വാട്ട്‌സൺ എക്സ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന 50-ൽ അധികം സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന ചലഞ്ചിൽ മികച്ച ടീമിന് പുരസ്കാരത്തിനു പുറമേ കോൺക്ലേവിൽ പങ്കെടുക്കാനും ആഗോള തലത്തിൽ നിന്ന് വരുന്ന നിക്ഷേപകർക്ക് മുന്നിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഹാക്കത്തോണിലെ വിജയികൾക്ക് ഒരു കോടി രൂപ വരെ സ്കെയിൽ അപ് ഫണ്ട് ലഭിക്കാനുള്ള അർഹതയും നേടാൻ സാധിക്കും.
ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന ഈ കോൺക്ലേവിനു വലിയ പ്രാധാന്യമുണ്ട്. ഐബിഎം പോലൊരു അന്താരാഷ്ട്ര കമ്പനി ഈ രംഗത്ത് നൽകുന്ന സഹകരണവും പ്രശംസനീയമാണ്. ഐബിഎമ്മിനൊപ്പം വിവിധ കമ്പനികൾ കേരളത്തിൽ നിക്ഷേപ സന്നദ്ധത അറിയിക്കുന്നുണ്ട്. ഈ വർഷം നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കടന്നുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങൾക്ക് മുതൽക്കൂട്ടായി മാറാൻ ജെൻ എഐ കോൺക്ലേവിനു സാധിക്കും.