വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയ്ക്ക് ദേശീയ അംഗീകാരം. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായാണ് സംരംഭക വർഷം പദ്ധതിയെ തെരഞ്ഞെടുത്തത്. ത്രസ്റ്റ് ഓൺ എം എസ് എം ഇ എന്ന വിഷയത്തിലാണ് സംരഭകവർഷം പദ്ധതി കേന്ദ്രസർക്കാരിന്റെ പ്രത്യക പരാമർശത്തിന് അർഹമായത്. ഒരു ലക്ഷം സംരഭങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഏപ്രിൽ 1-ന് ആരംഭിച്ച പദ്ധതി നവംബർ ആയപ്പോൾ തന്നെ ലക്ഷ്യം പൂർത്തികരിച്ചു.
സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം, സംരഭകം വഴി വന്ന നിക്ഷേപവും തുടങ്ങി പലവിധ നേട്ടങ്ങളാണ് പദ്ധതി നേടിയെടുത്തത്. 2 ലക്ഷം തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ സൃഷ്ടിക്കാനായി. ജനുവരി 8 വരെയുള്ള കണക്കുകൾ പ്രകാരം 7,261.54 കോടിയുടെ നിക്ഷേപം 1,18,509 സംരംഭങ്ങളിലൂടെ കേരളത്തിലുണ്ടായി. ഇതിലൂടെ 2,56,140 തൊഴിലുകൾ സൃഷ്ടിക്കാനായി.
മലപ്പുറം, എറണാകുളം ജില്ലകളിലായി ഇരുപതിനായിരത്തിലധിവും കൊല്ലം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികവും കാസറഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ പതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിൽ 16,129 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപവും 40,622 പേർക്ക് തൊഴിലും ലഭ്യമായി. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 10,743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും 22,312 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 7,454 തൊഴിലവസരങ്ങളും 4,014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും നടത്തി. സർവീസ് മേഖലയിൽ 7,048 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 428 കോടി രൂപയുടെ നിക്ഷേപവും 16,156 തൊഴിലും ഈ മേഖലയിലുണ്ടായി. വ്യാപാര മേഖലയിൽ 29,428 സംരംഭങ്ങളും 1,652 കോടിയുടെ നിക്ഷേപവും വഴി 54,108 തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു.
സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1,153 ഇന്റേണുകളെ നിയമിച്ചു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുകയും ഹെല്പ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കുകയും ചെയ്തു. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചു.
സംരംഭകർക്ക് ഏറ്റവും എളുപ്പത്തിൽ സംരഭങ്ങൾ ആരംഭിക്കാൻ ലോണുകളും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നൽകൽ തുടങ്ങി സർക്കാർ മേഖലയിലെ കാര്യങ്ങളെല്ലാം കൂടുതൽ ലളിതവും വേഗത്തിലുമാക്കി. ഇന്ന് രാജ്യത്ത് ഏറ്റവും മികച്ച നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമായി കേരളം വളർന്നു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ദേശീയതലത്തിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി സംരഭകവർഷം പദ്ധതി അംഗീകരിക്കപ്പെട്ടത്.