വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തന നിരതമാകുന്നതോടെ വിഴിഞ്ഞം കേരളത്തിന്റെ വ്യവസായിക ഹബ്ബായി മാറും. വിഴിഞ്ഞം തുറമുഖത്തെ വർക്ക്ഷോപ്പ് ബിൽഡിംഗിന്റെ പ്രവർത്തനം ആരംഭിച്ചു.
വ്യവസായ രംഗത്ത് കേരളം പുതിയ മുന്നേറ്റത്തിന്റെ പാതയിലാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നിരവധി വ്യവസായ സ്ഥാപനങ്ങളെ ചുരുങ്ങിയ കാലയളവ് കൊണ്ട് കേരളത്തിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു. തൊഴിൽ രംഗത്ത് യുവജനങ്ങൾക്ക് വലിയ സാധ്യതകളാണ് ഇതിലൂടെ ലഭ്യമാകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോട് കൂടി പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും ഒട്ടനേകം വ്യവസായ സാധ്യതകളും തുറക്കും.
തുറമുഖം യാഥാർത്ഥ്യമാക്കുന്നതോടൊപ്പം കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല വികസവനും കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. എങ്കിൽ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം കേരളത്തിന് സമഗ്രമായി ഉപയോഗപ്പെടുകയുള്ളൂ. ഇതിനായി കേരള മാരിടൈം ബോർഡ് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.