വ്യവസായ പാർക്കുകളിലെ വസ്തുനികുതിപിരിവ് തദ്ദേശ സ്ഥാപനങ്ങൾ താൽക്കാലികമായി നിർത്തും
സംസ്ഥാനത്തെ വ്യവസായ പാർക്കുകളിലെ വസ്തു നികുതി പിരിവ് തൽക്കാലം നിർത്തിവക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വ്യവസായവകുപ്പിൻ്റേയും കെ. എസ്. ഐ ഡി.സി, കിൻഫ്ര, സിഡ് കോ തുടങ്ങിയ സർക്കാർ ഏജൻസികളുടെയും കീഴിലുള്ള വ്യവസായ പാർക്കുകൾക്ക് ഉത്തരവ് ബാധകമാണ്.
വ്യവസായ പാർക്കുകളിലെ വസ്തു നികുതി പിരിവ് സംബന്ധിച്ച് വ്യവസായ വാണിജ്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും സർക്കാരിന് സംയുക്ത റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 1 ലെ വ്യവസ്ഥ 2 സംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത് സർക്കാർ പരിശോധിക്കുകയാണ്. ഈ ഭേദഗതി നടപ്പിൽ വരുന്നതുവരെ വ്യവസായ ഏരിയ, എസ്റ്റേറ്റ്, പ്ലോട്ട് എന്നിവിടങ്ങളിൽ നിന്നും നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികൾ നിർത്തി വയ്ക്കുന്നതിനാണ് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള സംരംഭക സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്.