വ്യവസായ സൗഹൃദ റാങ്കിങ്ങിൽ നേടിയ മുന്നേറ്റം തുടരുന്നതിനായിട്ടുള്ള ശ്രമങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു
വ്യവസായ സൗഹൃദ റാങ്കിങ്ങിൽ നേടിയ മുന്നേറ്റം തുടരുന്നതിനായി 2024 വർഷത്തേക്കുള്ള യൂണിയൻ ഗവണ്മെൻ്റ് നിഷ്കർഷിച്ചിട്ടുള്ള പരിഷ്കാരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി വ്യവസായം, തദ്ദേശ സ്വയംഭരണം, തൊഴിൽ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗം വ്യവസായ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചേർന്നു. 296 പരിഷ്കാരങ്ങളാണ് ഈ വർഷം നടപ്പിലാക്കാൻ യൂണിയൻ ഗവണ്മെൻ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ സുപ്രധാനമായ പരിഷ്കാരങ്ങൾ ഈ മൂന്ന് വകുപ്പുകളിലാണ് നടപ്പിലാക്കേണ്ടത് എന്നതിനാലാണ് ആദ്യഘട്ടത്തിൽ തന്നെ ഇവരെ ക്ഷണിച്ചുകൊണ്ട് യോഗം വിളിച്ചത്. പരിഷ്കാരങ്ങളെല്ലാം സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ വകുപ്പ് മന്ത്രിമാർ പ്രകടിപ്പിച്ചു. ഇതിനായി ഇനിമുതൽ എല്ലാ മാസവും അവലോകന യോഗങ്ങൾ വിളിച്ചുചേർക്കും. കൂട്ടായ സഹകരണത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അതിന് തദ്ദേശ സ്വയംഭരണം, തൊഴിൽ, രജിസ്ട്രേഷൻ വകുപ്പുകൾക്ക് പ്രത്യേകമായ നന്ദി പറയുന്നുവെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഈ വർഷം 30 മേഖലകളിലായി നടപ്പിലാക്കേണ്ടിയിരുന്ന പരിഷ്കാരങ്ങളിൽ 9 വിഭാഗങ്ങളിൽ മുന്നിലെത്തിയാണ് കേരളം ടോപ്പ് അച്ചീവർ പട്ടികയിലെ ഒന്നാം സ്ഥാനക്കാരായത്. 95% ലേറെ മാർക്ക് കരസ്ഥമാക്കിയ സംസ്ഥാനങ്ങളാണ് ടോപ്പ് അച്ചീവർ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു.
ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് ഇത്തവണ കേരളം ഒന്നാമത് എത്തിയത്. കൂടുതൽ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ അവശേഷിക്കുന്ന മേഖലകളിലും ഒന്നാമതെത്താൻ കേരളത്തിന് കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചു. വിവിധ വകുപ്പുകൾ, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ, സംരംഭക സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവർ ചേർന്നു നടത്തിയ കൂട്ടായ ശ്രമത്തിലൂടെ നേടിയ ഈ നേട്ടം നിലനിർത്താനും എല്ലാവരുടെയും പിന്തുണ സർക്കാർ ആവശ്യപ്പെടുന്നുണ്ട്. നിരവധി ഘട്ടങ്ങളിലായി നടത്തുന്ന തുടർച്ചയായ പ്രവഋത്തനത്തിലൂടെ കേരളത്തിൻ്റെ നേട്ടം നിലനിർത്താനുള്ള ശ്രമം സർക്കാർ തുടരും.