സീപോർട്ട് – എയർപോർട്ട് റോഡ് – 32.26 കോടി രൂപ അനുവദിച്ചു
സീപോർട്ട് – എയർപോർട്ട് റോഡിന്റെ വികസനത്തിനായി എൻ.എ.ഡിയിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. സ്ഥലത്തിന്റെ വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപക്ക് പുറമേ എൻ.എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനാവശ്യമായ 8.16 കോടി രൂപയും ഒപ്പം ചുറ്റുമതിൽ നിർമ്മാണത്തിന് 99.43 ലക്ഷം രൂപയും അനുവദിച്ചുനൽകിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് ഭൂമി വിട്ടുനൽകുന്ന ധാരണാപത്രം ജനുവരിയിൽ ഒപ്പുവച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് തുക അനുവദിച്ചത്. സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണച്ചുമതലയുള്ള റോഡ്സ് ആൻ്റ് ബ്രിഡ്ജസ് കോർപ്പറേഷന് തുക കൈമാറും.
കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻ.എ.ഡി ഭൂമിപ്രശ്നം. ഭൂമി വില കൈമാറിയ ഉടനെ ടെണ്ടർ നടപടികളിലേക്ക് കടക്കും. എച്ച്.എം ടിയുടെ ഭൂമി വില ബാങ്കിൽ കെട്ടിവെക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ഭൂമി അനുവദിക്കപ്പെട്ടത്. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻ.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി – എൻ.എ.ഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും. തുടർ നടപടികൾ വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. എച്ച്.എം.ടി – എൻ. എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, ടെലഫോൺ പോസ്റ്റുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്നൽ പോയിൻ്റുകളും വരും.
എറണാകുളം ജില്ലയിലെ പ്രധാന ഫ്ളാഗ്ഷിപ്പ് പദ്ധതിയായി കണക്കാക്കി സീ പോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണം പൂർത്തികരിക്കാനാണ് ശ്രമിക്കുന്നത്.