കശുവണ്ടി പ്രീമിയം ബ്രാന്റിൽ വേണം; യന്ത്രവൽക്കരണം അനിവാര്യം; കശുമാവ് കൃഷി വ്യാപിപ്പിക്കാനും ശുപാർശ
വിദഗ്‌ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു
പ്രീമിയം ബ്രാന്റിൽ കശുവണ്ടി വിപണനം സാധ്യമാക്കുക, യന്ത്രവൽക്കരണവും നവീകരണവും നടപ്പിലാക്കുക, കൂടുതൽ പ്രദേശങ്ങളിലേക്ക് കശുമാവ് കൃഷി വ്യാപിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന കശുവണ്ടി വിദഗ്ധ സമിതി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ശുപാർശകൾ സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് ആണ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങിയത്. റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.
കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകൾ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാന്റിൽ കശുവണ്ടി ഉൽപന്നങ്ങൾ പുറത്തിറക്കണമെന്നതാണ് വിദഗ്ധ സമിതിയുടെ ഒരു ശുപാർശ. വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ കുറഞ്ഞ നിരക്കിൽ വിപണിയിലെത്തുന്ന കശുവണ്ടി ഉൽപന്നങ്ങളോട് മത്സരിക്കാൻ ഇതാവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും സമിതി നിർദ്ദേശിച്ചു.
നിലവിലെ തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ട് ഘട്ടം ഘട്ടമായുള്ള യന്ത്രവൽക്കരണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്കരണ പ്രക്രിയയിലെ നഷ്ടം ഒഴിവാക്കാൻ ഇത് സഹായിക്കും. ഉൽപാദന ക്ഷമത ഉറപ്പാക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ഐ.ഐ.ടി, എൻ.ഐ.ടി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. സംഭരണ സംവിധാനം മെച്ചപ്പെടുത്തണം.
കശുമാവ് കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്കും കൃഷി വ്യാപിപ്പിക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. കശുമാവിനെ തോട്ടവിളയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കാഷ്യൂ ഡവലപ്പ്മെന്റ് കോർപ്പറേഷൻ, കാപ്പെക്സ് എന്നിവയുടെ ഭരണപരമായ കാര്യക്ഷമത ഉയർത്താനുള്ള നിർദ്ദേശങ്ങളും സമിതി സമർപ്പിച്ചിട്ടുണ്ട്.