ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി സർക്കാർ ഏറ്റെടുക്കുന്നു; ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി
കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ കൊച്ചിയിൽ താമസിച്ചിരുന്ന വസതിയായ ‘സദ്ഗമയ’ സർക്കാർ ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി. ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചതാണിത്.
സദ്ഗമയവിൽക്കാൻ പോകുന്നുവെന്ന വാർത്തകളെത്തുടർന്ന് നിയമമന്ത്രി പി. രാജീവ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വസതി സർക്കാർ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. ഇതെത്തുടർന്ന് മദ്രാസിലുള്ള കൃഷ്ണയ്യരുടെ മകനുമായി സംസാരിക്കുകയും അദ്ദേഹം സർക്കാർ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. കൃഷ്ണയ്യർക്ക് ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ പരിഗണനയിലുണ്ടായിരുന്നുവെന്ന് പി.രാജീവ് പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യരുടെ ജീവിതം പോലെ മഹത്വമുള്ള ഒരു സ്മാരകമായി സദ്ഗമയയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.