കെ എം എം എൽ പ്രവർത്തന ലാഭം 332.2 കോടി രൂപ
ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന ലാഭമാണ് ഈ വർഷം കെ എം എം എൽ കരസ്ഥമാക്കിയിരിക്കുന്നത്. 1058 കോടി രൂപയുടെ വിറ്റുവരവും 332.2 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടിയ കമ്പനി, സംസ്ഥാന ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭം നേടിയ പൊതുമേഖലാ വ്യവസായ സ്ഥാപനമെന്ന നേട്ടവും കൈവരിച്ചു. അഞ്ച് കമ്പനികൾ ഇത്തവണ വിറ്റുവരവിൻ്റെ കാര്യത്തിലും പ്രവർത്തന ലാഭത്തിൻ്റെ കാര്യത്തിലും റെക്കോഡ് പ്രകടനം കാഴ്ച വച്ചു. 11 കമ്പനികൾ 10 വർഷക്കാലയളവിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ച വെച്ചിരിക്കുന്നു.
നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനും നിലവിൽ ലാഭത്തിലായ സ്ഥാപനങ്ങളുടെ ലാഭം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകും. കമ്പനികളുടെ ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടുകൊണ്ട് 41 സ്ഥാപനങ്ങളുടെയും മാസ്റ്റർ പ്ലാൻ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. 41 പൊതുമേഖലാ സ്ഥാപനങ്ങളിലായി 405 പദ്ധതികളാണ് മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കൃത്യമായ ദിശാബോധത്തോടെ മുന്നോട്ടുനീങ്ങി വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ലാഭകരമാക്കുക എന്നതാണ് ഇനി ലക്ഷ്യമിടുന്നത്.