വിവിധ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്തും ശമ്പള പരിഷ്കാരം നടപ്പിൽ വരുത്തിയും ഇത്തവണ അല്ലലില്ലാതെ ഓണമാഘോഷിക്കാൻ കയർ മേഖലയിൽ അവ സരമൊരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കയർ തൊഴിലാളികൾക്കും സംഘങ്ങൾക്കുമുള്ള സഹായങ്ങൾ ഉൾപ്പെടെ ഇതുവരെ വിതരണം ചെയ്തത് 32.5 കോടി രൂപയാണ്. കയർ മേഖലയിൽ സർക്കാരിന്റെ ഇൻകം സപ്പോർട്ട് സ്കീം പ്രകാരം ഇത്തവണ വിതരണം ചെയ്തത് 12.5 കോടി രൂപയുടെ ധനസഹായം. 25,676 ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കയർ സഹകരണ സംഘങ്ങൾക്കുള്ള ഇൻസന്റീവ് വിതരണത്തിലും മികച്ച നേട്ടം ഇക്കുറി കൈവരിച്ചു.
321 കയർ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ മൂന്ന് കോടി രൂപ രൂപയാണ് കയർ വകുപ്പ് വഴി വിതരണം ചെയ്തത്. കയർഫെഡ് വഴി കയർ സംഭരിച്ച വകയിൽ സംഘങ്ങൾക്ക് നൽകാനുണ്ടായിരുന്ന 17.36 കോടി രൂപയിൽ 11 കോടി രൂപയും ഇതിനോടകം വിതരണം ചെയ്തു. കയർ വിലയായി കയർ കോർപ്പറേഷൻ നൽകാനുണ്ടായിരുന്ന 18 കോടിയിൽ ഏഴു കോടി രൂപയും നൽകിയിട്ടുണ്ട്. വിപണി വികസിപ്പിക്കുന്നതിനുള്ള സഹായമായി രണ്ടു കോടി രൂപയാണ് ചിലവഴിച്ചത്.
കയർ ഉൽപാദനത്തിലും വിപണനത്തിലും ഉൾപ്പടെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചപ്പോൾ ഉൽപ്പന്നങ്ങളുടെ സംഭരണവും വിൽപ്പനയും 200 കോടി കവിഞ്ഞു.
2016 – 17 സാമ്പത്തിക വർഷത്തിൽ 7800 ടൺ ആയിരുന്ന കയർ ഉത്പാദനം 2021-22 സാമ്പത്തിക വർഷത്തിലെത്തിയപ്പോൾ 29000 ടൺ ആയി ഉയർന്നു. ആറുവർഷംകൊണ്ട് മൂന്നിരട്ടിയിലധികം വളർച്ചയാണ് ഉണ്ടായത്. തൊഴിലാളികളുടെ വാർഷിക വരുമാനം 13500 രൂപയായിരുന്നത് 49,000 രൂപയിലേക്ക് ഉയർത്താനും ഇക്കാലയളവിൽ കഴിഞ്ഞു. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സംഘങ്ങളുടെ എണ്ണം നൂറിൽ താഴെയായിരുന്നത് 325 എണ്ണമായി ഉയർത്താനും കയർ വകുപ്പിന് കഴിഞ്ഞു.
കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി വർദ്ധനവും വേതന ഘടന പരിഷ്ക്കരണവും സാധ്യമാക്കാനും സർക്കാരിനായി. 60 വർഷക്കാലമായി കേവലം മൂന്ന് രൂപയായിരുന്നു തൊഴിലാളികളുടെ അടിസ്ഥാന ശമ്പളമായി നിലനിന്നിരുന്നതെങ്കിൽ ഇനിമുതൽ പുരുഷ തൊഴിലാളികൾക്ക് 667 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 533 രൂപയുമായിരിക്കും അടിസ്ഥാന ശമ്പളമെന്ന് നിശ്ചയിച്ചു . പ്രതിസന്ധി നേരിടുന്ന കയർ മേഖലയെ സംരക്ഷിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.