അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാ സംരംഭകർക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമം. ‘വി മിഷൻ കേരള’ വായ്പ 50 ലക്ഷമായി ഉയർത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് അഞ്ച് ലക്ഷം വീതം അനുവദിക്കുന്നതുമുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.
വനിതാ സംരംഭകർക്കായി കെഎസ്.ഐ.ഡി.സി നൽകുന്ന ‘വി മിഷൻ കേരള’ വായ്പ 50 ലക്ഷമാക്കി ഉയർത്തും. നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിനായി അഞ്ച് ലക്ഷം നൽകും. ഇത് തിരിച്ചടയ്ക്കേണ്ട. പുതിയ സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന സഹകരണ സംഘങ്ങൾക്കും നിലവിൽ പ്രവർത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാനും പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇൻകുബേഷൻ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വനിതാ സംരംഭകർക്ക് ഏപ്രിൽ ഒന്നുമുതൽ 50 ശതമാനം വാടകയിളവും പ്രഖ്യാപിച്ചു.
സ്ത്രീകൾ തൊഴിൽ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തിൽ പ്രധാനമാണ്. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കായി വനിതാ വികസന വകുപ്പ് പ്രത്യേകം തുക അനുവദിക്കുകയും എല്ലാ ജില്ലകളിലും പരിശീലനം നൽകുകായും ചെയ്യും.
ഡയറി ഫാമുകൾ സ്ഥാപിക്കുന്നതിനും മൃഗസംരക്ഷണ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ധാരാളം സ്ത്രീകൾ മുന്നോട്ടു വന്നിട്ടുണ്ട്. കൂടുതൽ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
വനിതാ സംരംഭകരെ സൃഷ്ടിക്കുന്നതിൽ പ്രധാനം മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000-ത്തിൽ അധികം വനിതകളാണ് സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. ഈ വര്ഷം മെയ്മാസത്തിൽ മികച്ച വനിതാ സംരംഭകർക്ക് ജില്ല, സംസ്ഥാന തലങ്ങളിൽ പുരസ്കാരം നൽകും.
സംരംഭക സംഗമം
അഞ്ഞൂറിലധികം വനിതാ സംരംഭകരാണ് സംരംഭക സംഗമത്തിൽ പങ്കെടുത്തത്. സംരംഭക വർഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കേരളത്തിലെ നിലവിലെ സംരംഭക സൗഹാർദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതായിരുന്നു . തുടർന്ന് ‘വനിതാ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെ.എസ്.ഐ.ഡി.സി, കെ-ബിപ്, ഒ.എൻ.ഡി.സി എന്നിവയുടെ നേതൃത്വത്തിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ നൽകുന്ന സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.